കണ്ണൂർ: സി.പി.എമ്മിൽ നിന്ന് പുറത്തുകടക്കാൻ 2009 ൽ സ്വീകരിച്ച അതേ മാർഗമാണ് കോൺഗ്രസിൽ നിന്ന് ചാടാനും അബ്ദുള്ളക്കുട്ടി ഇപ്പോൾ പയറ്റിയത്. അന്ന് പുറത്താക്കും മുമ്പ് കോൺഗ്രസിൽ അബ്ദുള്ളക്കുട്ടി ഇരിപ്പിടവും ഉറപ്പിച്ചിരുന്നു. ഇന്ന് വീണ്ടും മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്തുപോകുമ്പോഴും അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്, അബ്ദുള്ളക്കുട്ടിയുടെ അടുത്ത നീക്കം ബി.ജെ.പിയിലേക്കോ? പി.ബി. അബ്ദുൾറസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ഒരു കൈ നോക്കാനുള്ള പുറപ്പാടാണ് അബ്ദുള്ളക്കുട്ടിയുടേതെന്ന തരത്തിൽ വാർത്ത വന്നിരുന്നു. ഇക്കാര്യം അബ്ദുള്ളക്കുട്ടി നിഷേധിച്ചിരുന്നു.
2009 ൽ അബ്ദുള്ളക്കുട്ടി ദുബായിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സ്തുതിച്ചതിന് പിന്നാലെയാണ് സി.പി.എമ്മിൽനിന്ന് പുറത്തായത്. പിന്നീട് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടി കുറച്ചുകാലമായി നേതൃത്വവുമായി അകലം പാലിച്ചു കഴിയുകയായിരുന്നു.