നീലേശ്വരം: കേരളാ പൊലീസ് അസോസിയേഷൻ 33-ാം കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ പൊലീസുകാരുടെ നേതൃത്വത്തിൽ പടന്നക്കാട് തീർത്ഥങ്കര കുളം ശുചീകരിച്ചു. ചെളിയും പായലും നിറഞ്ഞ കുളം വർഷങ്ങളായി ഉപയോഗിക്കാൻ പറ്റാതെ കിടക്കുകയായിരുന്നു.

നെഹ്‌റു കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, സമീപ പ്രദേശങ്ങളിലെ കുടുംബശ്രീ, ക്ലബ്ബ് പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. 120 ഓളം പൊലീസ് സേനാംഗങ്ങളും പങ്കാളികളായി.
ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ടി.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
കൗൺസിലർ എം.എം. നാരായണൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി, ഡോ. കെ.എം. ശ്രീകുമാർ , കെ. ബാലകൃഷ്ണൻ, മഹേഷ്, സതീശൻ, ഗിരീഷ് ബാബു, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. രവീന്ദ്രൻ സ്വാഗതവും സെയ്ഫുദ്ദീൻ നന്ദിയും പറഞ്ഞു.


മെഹ്ഫിലെ ഈദ് ' 19

കാഞ്ഞങ്ങാട്: എസ്.എസ്.എഫ് പുഞ്ചാവി യൂണിറ്റ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് ' 19 ചെറിയ പെരുന്നാൾ ദിനത്തിൽ പുഞ്ചാവി സദ്ദാംമുക്ക് നൂറുൽ ഉലമാഅ് സ്‌ക്വയറിൽ നടക്കും.

പെരുന്നാൾ ദിനത്തിൽ വൈകുന്നേരം ഏഴിന് അബ്ദുൾ ജബ്ബാർ തങ്ങൾ ഹൈദ്രോസി പ്രാർത്ഥന നടത്തും. നാസിഫ് കോഴിക്കോട്, ഷെമീം തിരുരങ്ങാടി, അനസ് കാരന്തൂർ എന്നിവർ പ്രഭാഷണം നടത്തും.

അദ്ധ്യാപക ഒഴിവ്
മേൽപറമ്പ്: ചന്ദ്രഗിരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 7ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04994 238717

പ്ലസ്‌വൺ സീറ്റൊഴിവ്

പെരിയ: അംബേദ്കർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ (സയൻസ്, കോമേഴ്സ്) എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ ആവശ്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാക്കളുമായി നേരിൽ ഹാജരാകേണ്ടതാണ്.

ഈദ്ആഘോഷം അർത്ഥപൂർണമാക്കുക:

സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: സ്നേഹം വിതയ്ക്കുകയും ശാന്തി കൊയ്തെടുക്കുകയും ചെയ്തിരുന്ന ഇന്ത്യൻ പൈതൃകത്തിന്റെ വീണ്ടെടുപ്പിനായി ഈദ് ആഘോഷത്തെ അർത്ഥപൂർണ്ണമാക്കാൻ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് എന്നിവർ ആഹ്വാനം ചെയ്തു.

അറഹ്മ സെന്റർ ആറങ്ങാടിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ടി. റംസാൻ അധ്യക്ഷത വഹിച്ചു. കരീം ബാഖവി റംസാൻ പ്രഭാഷണം നടത്തി. മുത്തലീബ് കൂളിയങ്കാൽ, ടി. അബൂബക്കർ ഹാജി, ബഷീർ ആറങ്ങാടി, യൂസഫ് ഹാജി, ടി. അന്തുമാൻ, അലങ്കാർ അബൂബക്കർ ഹാജി, വാർഡ് കൗൺസിലർ സുമയ്യ, അനീസ് ചീനമാടം, ഇ.കെ. മജീദ്, കെ.എം. മുഹമ്മദ്, എം.കെ. അബ്ദുൾ റഷീദ്, ടി. ഖാദർ, സി. എച്ച്. ഹമീദ് ഹാജി, കെ.കെ ഇസ്മായിൽ, യൂസഫ് ഹാജി ഷാർജ, അബൂബക്കർ സിദ്ധീഖ് മൗലവി, സാലി കുവൈറ്റ്, എം.കെ. അബ്ദു ലത്തീഫ്, ഷരീഫ് നിലാങ്കര, കെ.കെ. സിറാജ്, ആബിദ് ആറങ്ങാടി, എം.എം. കുഞ്ഞി ഹാജി, എം. നാസർ, പി.വി.എം. കുട്ടി ഹാജി, ഹസ്സൻ പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാമ്പ്

പുല്ലൂർ: മധുരമ്പാടി കുരുക്ഷേത്ര ഗ്രാമസേവാ സമിതിയുടെയും ഗവൺമെന്റ് അയുർവേദ ഡിസ്‌പെൻസറി അമ്പലത്തറയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും എ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. പ്രമോദ് ക്ലാസെടുത്തു. എ.വി. ദിനേശൻ അധ്യക്ഷനായി. കെ. മധു സ്വാഗതവും എ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.