കാസർകോട്: ഒരുമാസത്തെ വ്രതശുദ്ധിയുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ നഗരം തിരക്കിൽ അമർന്നു. തിരക്ക് വർദ്ധിച്ചതോടെ കാസർകോട് നഗരം വീർപ്പുമുട്ടുകയാണ്. ഗതാഗത സ്തംഭനം പതിവായി. വാഹനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാർ ഡ്യുട്ടിക്ക് ഉണ്ടെങ്കിലും ഗതാഗത കുരുക്ക് അഴിക്കാൻ പാടുപെടുകയാണ്.
പാർക്കിംഗിന് കൂടുതൽ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
ജില്ലയിലെങ്ങും മൈലാഞ്ചി അണിഞ്ഞ് കുട്ടികളും സ്ത്രീകളും പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. കാസർകോട് മാലിക് ദീനാർ, നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ്, തെരുവത്ത് പള്ളി തുടങ്ങി നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം വിശ്വാസികളുടെ വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്. പുതുവസ്ത്രം വാങ്ങുന്നതിനും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും കടകളിൽ ആളുകളുടെ തിരക്കാണ്. വസ്ത്രക്കടകളിൽ രാത്രി ഏറെ വൈകിയും ആളുകളെത്തുന്നുണ്ട്. ഫാൻസി വിപണിയും കുട്ടികളും സ്ത്രീകളും കൈയടക്കിക്കഴിഞ്ഞു. പെരുന്നാൾ വിപണി കേന്ദ്രീകരിച്ചു അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി കച്ചവടക്കാരാണ് വഴിയോരങ്ങളിൽ എത്തിയിരിക്കുന്നത്. മുല്ലപ്പൂവിനും വൻ ഡിമാൻഡ് ആണ്. ഒരു മുഴം മുല്ലപ്പൂവിന് ഇന്നലെ നൂറുരൂപയാണ് നഗരത്തിലെ വില. പഴങ്ങളും പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആളുകളുടെ തിരക്കാണ്.
കൃഷിഭവൻ അറിയിപ്പ്
ചീമേനി: കർഷക പെൻഷൻ പുതുക്കാൻ ബാക്കിയുള്ളവർ 15 ന് മുമ്പ് കൃഷിഭവനിൽ വന്ന് നേരിട്ടു പുതുക്കണമെന്നും അല്ലാത്തപക്ഷം പദ്ധതിയിൽ നിന്നും ഒഴിവാക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു
സൗജന്യ വൈദുതി പുതുക്കാൻ ബാക്കിയുള്ളവരും 15 ന് മുമ്പ് കൃഷി ഭവനിൽ വന്ന് നേരിട്ടു പുതുക്കണം.