നീലേശ്വരം: നീലേശ്വരത്ത് ഇന്റർസിറ്റി എക്സ്‌പ്രസ്സ്, നേത്രാവതി എക്സ്‌പ്രസ് എന്നീ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയിൽവെ സ്റ്റേഷന്റെ മൊത്തത്തിലുള്ള വികസനത്തിലും കാര്യക്ഷമമായി ഇടപെടുമെന്ന് കാസർകോട് ലോക്‌സഭാ മണ്ഡലം നിയുക്ത എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ ഉറപ്പു നൽകി. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ 1987-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ നൽകിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായ നന്ദകുമാർ കോറോത്ത്, കെ.വി. സുനിൽരാജ്, കെ വി . പ്രിയേഷ്‌കുമാർ എന്നിവരാണ് നിവേദനം നൽകിയത്.
പ്ലാറ്റ്‌ഫോം ഉയർത്തൽ പ്രവൃത്തി ഉടൻ ആരംഭിക്കുക, പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക, റെയിൽവെ സ്റ്റേഷന് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

പെരുന്നാൾ കിറ്റ് നൽകി

തൃക്കരിപ്പൂർ: അബൂദാബി തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം .സി.സി അഞ്ഞൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി.
കഴിഞ്ഞ 30 വർഷമായി അബുദാബി കെ.എം.സി.സി നൽകിവരുന്നതാണ് പെരുന്നാൾ കിറ്റ്. തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ അബൂദാബി റിലീഫ് കമ്മിറ്റി ചെയർമാൻ എ.ജി. സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സത്താർ വടക്കുമ്പാട്, ടി.പി. അഹമ്മദ് ഹാജി, ശുക്കൂർ ഒളവറ, ഒ.ടി. അഹമ്മദ് ഹാജി, ടി. യൂനുസ്, വി.പി.കെ സാദാത്ത്, കെ.പി. നസീർ, ഇബ്രാഹിം തട്ടാനിച്ചേരി, പി.കെ.എം കുട്ടി പ്രസംഗിച്ചു.

അധ്യാപക ഒഴിവ്
തൃക്കരിപ്പൂർ: ഒളവറ സങ്കേത ജി.യു.പി സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 7 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും. ടി ടി സി /തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഹാജരാകണം.