നീലേശ്വരം: നീലേശ്വരത്ത് ഇന്റർസിറ്റി എക്സ്‌പ്രസ്സ്, നേത്രാവതി എക്സ്‌പ്രസ് എന്നീ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയിൽവെ സ്റ്റേഷന്റെ മൊത്തത്തിലുള്ള വികസനത്തിലും കാര്യക്ഷമമായി ഇടപെടുമെന്ന് കാസർകോട് ലോക്‌സഭാ മണ്ഡലം നിയുക്ത എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ ഉറപ്പു നൽകി. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ 1987-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ നൽകിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളായ നന്ദകുമാർ കോറോത്ത്, കെ.വി. സുനിൽരാജ്, കെ വി . പ്രിയേഷ്‌കുമാർ എന്നിവരാണ് നിവേദനം നൽകിയത്.
പ്ലാറ്റ്‌ഫോം ഉയർത്തൽ പ്രവൃത്തി ഉടൻ ആരംഭിക്കുക, പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക, റെയിൽവെ സ്റ്റേഷന് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.