കാക്കയങ്ങാട്: എടൂർ മണത്തണ മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴ റോഡരികിൽ ഇന്നലെ രാവിലെ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചത് ഭീതിയിലാഴ്ത്തി. ഇവിടെ പുഴയോരത്തോട് ചേർന്ന് റോഡരികിലായി വാഹനയാത്രക്കാർ പലപ്പോഴും കാട്ടാനകളെ കാണാറുണ്ട്. ഇന്നലെ രാവിലെ ആറുമണിയോടെ മലയോര ഹൈവേയിലൂടെ കടന്നു പോവുകയായിരുന്ന ലോറി ഡ്രൈവറാണ് കാട്ടാനകളെ റോഡിൽ കണ്ടത്. തുടർന്ന് അദ്ദേഹം സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാരും ഇതുവഴി വന്ന മറ്റ് വാഹന ഡ്രൈവർമാരും ചേർന്ന് കാട്ടാനകളെ ആറളം ഫാമിലേക്ക് തുരത്തിവിടുകയായിരുന്നു. അതിന് ശേഷമാണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചത്. കാട്ടാനകൾ പാലപ്പുഴയിലെ കുര്യക്കോസിന്റെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. ഇപ്പോൾ പുഴയിലേക്ക് പോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയിലും പുലർച്ചെയുമാണ് ആനകൾ കാടിറങ്ങി റോഡിലെത്തുന്നത്.