കാസർകോട്: ഐസിസിൽ നിന്നും മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് കാസർകോട്ടുകാരനടക്കം മൂന്ന് മലയാളികൾ. തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ഫിറോസ് ഉൾപ്പെടെ 3 മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കാസർകോട് ഇളമ്പച്ചിയുള്ള ബന്ധുവിനെ ഫിറോസ് വിളിച്ചതായാണ് സൂചന. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാൾ അന്വേഷിച്ചതത്രെ.
തനിക്കൊപ്പം രണ്ട് മലയാളികൾ കൂടി തിരിച്ചുവരാൻ സന്നദ്ധരാണെന്നും ഇയാൾ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ മലയാളികൾ ശ്രമം തുടങ്ങിയത്. ഒരു മാസം മുൻപാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ടുപേരും ഇപ്പോൾ സിറിയയിലാണെന്നാണ് കരുതപ്പെടുന്നത്. 2016 ജൂണിലാണ് തൃക്കരിപ്പൂർ പീസ് പബ്ലിക് സ്‌കൂൾ ജീവനക്കാരനായിരുന്ന ഫിറോസ് ഐസിസിൽ ചേരാനായി രാജ്യം വിട്ടത്.
ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുൾ റാഷിദായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നിലെന്നാണ് സൂചനകൾ. അബ്ദുൾ റാഷിദ് ഏപ്രിലിൽ തന്നെ കൊല്ലപ്പെട്ടതായ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ എൻ.ഐ.എയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഫിറോസിന്റെ നീക്കങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണെന്നാണ് അറിയുന്നത്.
ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാസർകോട്ട് നിന്നുള്ള 19 പേരടക്കം 21 പേരാണ് ഐസിസിൽ ചേരാനായി ആദ്യം അഫ്ഗാൻ വഴി സിറിയയിലേക്ക് പോയത്. ഇതിൽ പലരും കൊല്ലപ്പെട്ടതായാണ് വിവരം പുറത്ത് വന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.