മൂത്രക്കല്ല് ഇന്ന് പലരെയും അലട്ടുന്ന ഒരു രോഗമാണ്. തുടർച്ചയായി മൂത്രതടസം ഉള്ളവർക്കും ധാതുക്കളുടെ അംശങ്ങൾ (മിനറൽസ്, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്‌സ് തുടങ്ങിയവ) അധികമുള്ള ആഹാരപദാർത്ഥങ്ങളുടെ അമിതോപയോഗം കൊണ്ടുമാണ് ഈ രോഗമുണ്ടാകുന്നത്. രക്തത്തിലെ ധാതുക്കൾ മൂത്രാശയത്തിലും വൃക്കകളിലും അടിഞ്ഞ് കല്ലുപോലെ കട്ടിയായി മൂത്രതടസമുണ്ടാക്കുന്നു.
ശരീരക്ഷീണം, പാദത്തിലും കൺപോളയ്ക്ക് താഴെയും നീര്, അടിവയറ്റിൽ ശക്തിയായി വേദനയുണ്ടായി പുറക് വശത്തേക്ക് വ്യാപിക്കുക, നടുവേദന, പനി, ഇടയ്ക്കിടെ തണുപ്പ് അനുഭവപ്പെടുക, ഛർദ്ദി, വയർ വീർപ്പ്, രക്തം കലർന്ന് മൂത്രം പോവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
മൂത്രത്തിലെ കല്ല് മണൽ പോലെയും ചെറിയ കല്ലുപോലെയും കാണപ്പെടുന്നു. വൃക്കകളിലോ മൂത്രവഹ സ്രോതസിലോ മൂത്രാശയത്തിലോ ഉള്ള സ്ഥാനവ്യതിയാനമനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാവുന്നു. കല്ലിന്റെ കൂർത്ത വശങ്ങൾ തട്ടി മൂത്രത്തിൽ രക്തം കലരുമ്പോഴാണ് മൂത്രത്തിന് നിറവ്യത്യാസം സംഭവിക്കുന്നത്.
ദിവസവും ധാരാളം വെള്ളം കുടിക്കുകയെന്നത് മൂത്രക്കല്ല് രോഗത്തിന് മുൻകരുതലായി ശീലിക്കേണ്ടുന്ന ഒന്നാണ്. ഇളനീർ, ഏലത്തരിയിട്ട വെള്ളം, ഞെരിഞ്ഞിൽ ചേർത്ത വെള്ളം എന്നിവ കുടിക്കുന്നത് ഉത്തമം. ധാതുക്കളുടെ അംശങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ ആവശ്യത്തിലധികം കഴിക്കുന്നത് ഒഴിവാക്കണം. മൂത്രവിസർജ്ജനം സമയത്ത് കൃത്യമായി നിർവഹിക്കുകയെന്നതും പ്രധാനമാണ്.
ഡോ. ശില്പ എം.വി,
വി.എം ഹോസ്പിറ്റൽ, മട്ടന്നൂർ,
നാഗാർജുന ആയുർവേദ
ഔഷധശാല, ചാലോട്