ശരീരത്തിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. മുതിർന്നവർക്ക് പുറമെ കുട്ടികളിലെ പൊണ്ണത്തടിയും രോഗങ്ങളെ ക്ഷണിച്ചുവരുത്തും. കുട്ടികളിലെ അമിതവണ്ണം നേരത്തെ കണ്ടെത്തി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വണ്ണമല്ല ആരോഗ്യം എന്ന് മനസിലാക്കാതെ ചില മാതാപിതാക്കൾ കുട്ടികളെ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. കുട്ടികളിൽ അമിത വണ്ണമുണ്ടാകാതിരിക്കാൻ ജനനം മുതൽ ശ്രദ്ധ ആവശ്യമാണ്.
ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുക. പിന്നെ മുലപ്പാലിനോടൊപ്പം കുറുക്കുകൾ ആവാം. ഇഡ്ഡലി, ദോശ, നല്ലവണ്ണം വെന്ത ചോറ് മുതലായ മൃദുവായ ആഹാരങ്ങൾ നല്കിത്തുടങ്ങാം. ഒരു വയസാകുമ്പോൾ മുതലാണ് വീട്ടിലുണ്ടാക്കുന്ന മറ്റു ആഹാരങ്ങൾ കുഞ്ഞിന് കൊടുക്കാനാവുക. അതോടൊപ്പം മുലപ്പാൽ തുടരുകയും വേണം. 2 വയസു വരെ പാൽ മുലപ്പാൽ മാത്രമായിരിക്കുന്നതാണ് ഉത്തമം. അമ്മയുടെ പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ അമിതവണ്ണ സാധ്യത കുറയും.
കുഞ്ഞുങ്ങൾ ആഹാരം കഴിച്ചു തുടങ്ങുമ്പോൾ സമീകൃത ആഹാരം കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആഹാരത്തിൽ 60 ശതമാനം കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാവണം. ഗോതമ്പ്, അരി, കപ്പ, കിഴങ്ങുവർഗങ്ങൾ എന്നിവ ശീലിപ്പിക്കാം. കാൽഭാഗത്തോളം മാംസ്യവും ഉണ്ടായിരിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ഇലവർഗത്തിൽപെട്ടവ എന്നും നല്കുന്നത് ഉത്തമമായിരിക്കും. കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി തുടങ്ങിയവയും നല്ലതാണ്. പച്ചക്കറികൾ വേവിച്ചും വേവിക്കാതെയും കഴിയുന്നപോലെ കഴിപ്പിക്കാം.
വറുത്തതും പൊരിച്ചതും പരമാവധി ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. ടി.വി. കാണുമ്പോഴും വായിക്കുമ്പോഴും എന്തെങ്കിലും കഴിക്കുന്ന ശീലം ഒഴിവാക്കണം. മൊബൈൽ ഫോൺ കൈയിൽ കൊടുക്കരുത്. പ്രത്യേക വ്യായാമ മുറകളല്ല, കുട്ടികളെ കളിക്കാൻ വിടുകയാണ് വേണ്ടതെന്നതും ശ്രദ്ധിക്കുക.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ, പൂക്കോത്ത് നട, തളിപ്പറമ്പ്.
ഫോൺ: 9544657767.