ആദ്യഘട്ടത്തിൽ ജില്ലയിലെ 20 പഞ്ചായത്തുകളിലെ 55 കേന്ദ്രങ്ങളിൽ
കാസർകോട്: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപൊയിൽ ജി.എച്ച്.എസിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിൻപുറങ്ങളിൽ പുനഃസ്ഥാപിക്കുകയും നഗരങ്ങളിൽ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയാണു ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതികളായ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 20 പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത 55 കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യ ഉദ്യാനങ്ങൾ, കാവുകളുടെ സംരക്ഷണവും പുനരുജ്ജീവനവും ജലസംരക്ഷണം എന്നിവയാണു പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
പടം..പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപൊയിൽ ജി.എച്ച്.എസിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
ബി.ആർ.ഡി.സിയുടെ അനാസ്ഥ
ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
കാസർകോട്: ബി.ആർ.ഡി.സി അധികൃതരുടെ അനാസ്ഥ കാരണം ബേക്കൽ കോട്ടയിലേക്കുള്ള വഴിയിൽ പാതാളക്കുഴി. ബേക്കൽ കോട്ട കാണാൻ എത്തിയ മഹാരാഷ്ട്രയിലെ ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനം പാതാളക്കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടു. ബി.ആർ.ഡി.സിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമാണ് റോഡ് പണിക്കാവശ്യമായ ഫണ്ട് നൽകുന്നത്.
റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ച് ആഴ്ചകൾ ആയെങ്കിലും ഒച്ചിന്റെ വേഗതയിലാണ് പണി നടക്കുന്നത്. നിർദ്ദിഷ്ട കെ.എസ്.ടി.പി റോഡിൽ നിന്നും ബേക്കൽ കോട്ടയിലേയ്ക്ക് കയറുന്ന റോഡ് ഭാഗത്താണ് വീതി കൂട്ടുന്നതിന്റെ പേരിൽ കുഴികൾ തീർത്തത്. ഈ ഭാഗത്ത് റോഡിൽ നിന്നും ഒരു മീറ്റർ ആഴത്തിൽ കുഴിച്ചത് ശ്രദ്ധയിൽപ്പെടാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതാണ് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടാൻ കാരണം.
ടൂറിസ്റ്റുകൾക്ക് അപായമൊന്നും സംഭവിച്ചില്ലെങ്കിലും കുഴിയിൽ പതിച്ച വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
പടം ബേക്കൽ കോട്ടയിലേക്കുള്ള റോഡിലെ കുഴിയിൽ വീണ മഹാരാഷ്ട്ര ടൂറിസ്റ്റുകളുടെ വാഹനം