കാഞ്ഞങ്ങാട്: പരപ്പ മുണ്ടത്തടത്തെ കരിങ്കൽ ക്വാറിക്കെതിരെ നടന്നുവരുന്ന സമരത്തിനു പിന്നിൽ സംസ്ഥാനാന്തര ബന്ധമുള്ള മാഫിയ ഉണ്ടെന്ന് സംശയിക്കുന്നതായി ക്വാറി ക്രഷർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യു. സെയ്ദ് പറയുന്നു.
ക്വാറി പ്രവർത്തനമാരംഭിച്ചിട്ട് വർഷങ്ങളായി. രണ്ട് മാസം മുമ്പാണ് ഒരു വിഭാഗം സമരം ആരംഭിക്കുന്നത്. ക്രഷർ പ്രവർത്തിക്കുന്നതിനെതിരെയാണ് സമരമെങ്കിൽ ആദ്യം മുതൽ വേണ്ടതാണ്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ ഭൂവുടമകൾക്ക് സമരവുമായി ബന്ധമുണ്ടെന്നാണ് കരുതേണ്ടത്. ഇവർക്കവിടെ കരിങ്കൽ ക്വാറി ബിസിനസ് നടത്താൻ സൗകര്യങ്ങളുമുണ്ട്. അവരുടെ ഉത്പന്നം വിറ്റഴിക്കനുള്ള വിപണി കേരളമാണ്. അത് മനസ്സിലാക്കി ക്കൊണ്ടാണ് ഇവിടുത്തെ ക്വാറികൾക്കെതിരെ സമരം നടക്കുന്നത്.
മുണ്ടത്തടത്തെ കരിങ്കൽ ക്വാറി ഒരുതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. സംസ്ഥാനത്തെ നിർമ്മാണമേഖലയാകെ സ്തംഭിപ്പിക്കാനേ ഇത്തരം സമരങ്ങൾ കൊണ്ട് കഴിയുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്വാറികൾ അടച്ചിടും
മുണ്ടത്തടം ക്വാറിക്കതിരെ ചിലർ നടത്തിവരുന്നസമരം തുടർന്നാൽ സംസ്ഥാനത്താകെയും ക്രഷറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് സംസ്ഥാന ക്വാറി ക്രഷർ അസോസിയേഷൻ സെക്രട്ടറി യു. സെയ്ദ്, ജില്ല പ്രസിഡന്റ് ബി.എം സാദിഖ്, രക്ഷാധികാരി എം. നാഗരാജൻ, ഫാറൂഖ് ജാസ്മിൻ, ബിജു തോമസ്, ഡാർവി സ്റ്റീഫൻ എന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മെറ്റൽ അനിവാര്യമാണെന്നിരിക്കെ അതില്ലാതാക്കുന്നതിനു വേണ്ടി നടത്തുന്ന സമരം ജനങ്ങൾക്കെതിരാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. ബന്ധപ്പെട്ടവർ ഇടപെട്ട് സമരം തീർക്കണമെന്നും അവർ ആവശ്യപ്പെട്ടു.