നീലേശ്വരം: വികസനം എത്തിനോക്കാത്ത നീലേശ്വരം റെയിൽവേ സ്റ്റേഷന് സ്വന്തമായി ഉള്ളത് ഇരുപത്തി ആറ് ഏക്കർ സ്ഥലം. തീവണ്ടികളുടെ അറ്റകുറ്റപ്പണികൾ നടത്താൻ പറ്റിയ പിറ്റ്ലൈൻ സൗകര്യവും അതുകഴിഞ്ഞ് വണ്ടികൾ നിർത്തിയിടാൻ പറ്റിയ സിക്ക് ലൈൻ സൗകര്യവും ഏർപ്പെടുത്താൻ ഈ സ്ഥലം മതിയാകും.

നിലവിൽ പാലക്കാട് ഡിവിഷനിൽ മംഗലാപുരത്ത് മാത്രമാണ് ഈ സൗകര്യമുള്ളത്. മംഗലാപുരത്ത് പിറ്റ്ലൈൻ സൗകര്യങ്ങളുടെ ശേഷി പരമാവധി ഉപയോഗിച്ചു കഴിഞ്ഞാൽ കൂടുതൽ തീവണ്ടികള ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയുണ്ട്. നിർദ്ദിഷ്ട കാഞ്ഞങ്ങാട് - കാണിയൂർ പാത പ്രവർത്തനക്ഷമമാകുമ്പോൾ അതിന്റെ ഓപ്പറേറ്റിംഗ് സ്റ്റേഷൻ എന്ന നിലയിലും നീലേശ്വരത്തെ മാറ്റാനാകും.
നഗരസഭയ്ക്ക് പുറമെ മലയോര മേഖലയിലെ ഏഴോളം പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവെ സ്റ്റേഷൻ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ മൂന്നാം സ്ഥാനത്താണ്. പ്രതിദിന വണ്ടികളായ ഇന്റർ സിറ്റി, നേത്രാവതി, ചെന്നൈ മെയിൽ എന്നീ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ പാലക്കാട് ഡിവിഷൻ ശുപാർശ ചെയ്തിട്ടും റെയിൽവെ ബോർഡിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.

ദുരിതമായി ടിക്കറ്റ് കൗണ്ടർ

റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന്റെ അവസ്ഥയാണ് ജനങ്ങൾക്ക് ഏറെ ദുരിതം സമ്മാനിക്കുന്നത്. ടിക്കറ്റ് വാങ്ങാനും പണം കൈമാറുന്നതിനും യാത്രക്കാരനോ ജീവനക്കാരനോ കൈയെത്താത്ത രീതിയാൻ വളരെ അശാസ്ത്രീയമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഈ കൗണ്ടറിൽ നിന്നുതന്നെയാണ് യാത്രാ ടിക്കറ്റും റിസർവേഷൻ ടിക്കറ്റും നൽകുന്നത്. അതുകൊണ്ടുതന്നെ സാധാരണ ടിക്കറ്റിനു വേണ്ടി ആളുകൾ ക്യൂവിലാണെങ്കിൽ അത് കൊടുത്തതിന് ശേഷമേ റിസർവേഷൻ ടിക്കറ്റ് നൽകാനാകു.

അപകടക്കെണിയായി രണ്ടാം പ്ലാറ്റ്ഫോം
നീലേശ്വരത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നത് രണ്ടാം പ്ലാറ്റ്‌ഫോമിനെയാണ്. പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് മൂലം നിരവധി യാത്രക്കാർ വീണു പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. മുറവിളിക്കൊടുവിൽ പ്ലാറ്റ്‌ഫോം ഉയർത്തുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചുവെങ്കിലും പ്രവർത്തി ഇനിയും ആരംഭിച്ചിട്ടില്ല.