മട്ടന്നൂർ: ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും പുരോഗമനകലാസാഹിത്യസംഘം നേതാവുമായിരുന്ന മരുതായി രാജീവ് നിവാസിൽ പ്രൊഫ. ടി.വി.കെ കുറുപ്പ് (84) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പൊറോറ നിദ്രാലയത്തിൽ.
കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകസംഘത്തിന്റെയും ആദ്യകാലപ്രവർത്തകനായ ടി.വി.കെ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം തലവനും പ്രിൻസിപ്പലുമായിരുന്നു. 1993ൽ വിരമിച്ചു. 1956ൽ മട്ടന്നൂർ ഹൈസ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ചരിത്രാധ്യാപകനായി. മഞ്ചേരി, ചേർത്തല, ഒരുമ്പാറ എൻ.എസ്.എസ് കോളേജുകളിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു. മട്ടന്നൂർ പഞ്ചായത്തംഗം, മട്ടന്നൂർ നഗരസഭാ കൗൺസിലർ, പൊറോറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിന്റെ മാനേജറായിരുന്നു.
ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാർക്സും ഗാന്ധിയും, പ്രാചീനലോക ചരിത്രം, പാശ്ചാത്യ നാഗരികതയുടെ ചരിത്രം, മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല അക്കാഡമിക് കൗൺസിൽ ബോർഡ് ഓഫ് സ്റ്റഡീസ് ചരിത്രവിഭാഗം അംഗം, ദീർഘകാലം കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി ബോർഡ് ഓഫ് എക്സാമിനേർസിന്റെ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ചന്ദ്രലേഖ (ചെന്നൈ), അനിത (പ്രധാനാധ്യാപിക എ.കെ.കെ.ആർ മെമ്മോറിയൽ എച്ച്.എസ്.എസ് ചേളന്നൂർ), രാജീവൻ. മരുമക്കൾ: വേലായുധൻ (ചെന്നൈ), വിനോദ് (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക് കോഴിക്കോട്), ഷീബ. സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ കൃഷ്ണകുറുപ്പ്, ഗോപാലക്കുറുപ്പ്.