കാസർകോട്: സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖനും മാധ്യമ പ്രവർത്തകനുമായ അബ്ബാസ് മുതലപ്പാറ (56) നിര്യാതനായി. കാസർകോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ഗസൽ വാർത്ത വാരികയുടെ പത്രാധിപർ ആയിരുന്നു.
1991 മുതൽ 2014 വരെ കാസർകോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലുംസ്ഥാനാർത്ഥിയായിരുന്നു അബ്ബാസ്. 2014ൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉദുമ നിയോജക മണ്ഡലത്തിൽ മത്സരിച്ചു. നിലവിൽ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിലറാണ്. പാർട്ടി യു.ഡി.എഫിനൊപ്പമായതിനാൽ ഇത്തവണ പാർലമെന്റിലേക്ക് മത്സരിക്കാതെ രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണയ്ക്കുകയായിരുന്നു.
കാസർകോട്ടെ പീപ്പിൾസ് ജസ്റ്റിസ് വെൽഫെയർ ഫോറം, മുളിയാർ പുഞ്ചിരി ക്ലബ്ബ്, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ, എൻഡോസൾഫാൻ വിരുദ്ധസമിതി എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു.
മുതലപ്പാറയിലെ സൈനുദ്ദീൻ -ഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ്, സത്താർ (ഗൾഫ്), റുഖിയ, ആയിഷ, സെമീർ.