police

വെള്ളരിക്കുണ്ട് : ചായക്കടയിലിരുന്ന് 'പശുവിൻ പാലിനെപ്പറ്റി' സംസാരിച്ച യുവാവിനെതിരെ പശുവിനെ ആക്ഷേപിച്ച് വർഗീയ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്ന പേരിൽ കേസെടുത്ത പൊലീസ് വെട്ടിലായി.

ബി.ജെ.പി പ്രവർത്തകനായ കാഞ്ഞങ്ങാട് ഓണക്കുന്നിലെ ചന്ദ്രന്റെ പരാതിയിലാണ് കേസ്. ചായക്കടയിൽ ചന്ദ്രനും നാട്ടുകാരനായ സാജൻ അബ്രഹാമും പരസ്‌പരം രാഷ്ട്രീയം സംസാരിക്കുന്നതിനിടെ 'ഗോമാതാവിനെ ബഹുമാനിക്കുന്ന നിങ്ങൾ അതിന്റെ പാലൊഴിച്ച ചായ കുടിക്കുന്നില്ലേ' എന്ന് അബ്രഹാം ചോദിച്ചു. ഇതാണ് പരാതിക്ക് ആധാരം.ഗോമാതാവിനെ ആക്ഷേപിച്ച് വർഗീയ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ചന്ദ്രൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഡിവൈ.എസ്.പി പരാതി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറി. പരാതി കിട്ടിയപാടെ വെള്ളരിക്കുണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഗതി വിവാദമാകുകയും, സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എടുത്തുചാടി കേസെടുത്ത് സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ഇതോടെ പുലിവാല് പിടിച്ച അവസ്ഥയിലാണ് പൊലീസ്. കേസെടുക്കാനല്ല, പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മാത്രമാണ് പറഞ്ഞതെന്ന് വിശദീകരിച്ച് ഡിവൈ.എസ്.പി തടിയൂരുമ്പോൾ കേസുമായി മുന്നോട്ടു തന്നെയാണ് വെള്ളരിക്കുണ്ട് സി.ഐ.