കെ. സുധാകരൻ എം.പിയുടെ കണ്ണൂർ പാറക്കണ്ടിയിലെ വീട്ടിലെത്തുമ്പോൾ പൂരത്തിരക്കായിരുന്നു. ജനപ്രതിനിധിയായാലും അല്ലെങ്കിലും ഇവിടെ ഇങ്ങനെയാണ്. കൊച്ചുകുട്ടികളുടെ സ്കൂൾ പ്രവേശനം മുതൽ പൊലീസ് പീഡനം വരെയുള്ള നിവേദനങ്ങളുമായി നാട്ടുകാരെത്തും. എല്ലാവരെയും നേരിൽക്കാണാൻ അദ്ദേഹം സമയം കണ്ടെത്തും. ഇവരെല്ലാം ചേർന്നാണ് എന്നെ ജയിപ്പിച്ചത്. ഇവരുടെ വേദനകളും പരാതികളും അറിയണം. അതിനാണ് പ്രഥമപരിഗണന - കൂടി നിൽക്കുന്നവരിലേക്ക് നോക്കി സുധാകരൻ പറഞ്ഞു.
കണ്ണൂരിന്റെ ചിരകാല സ്വപ്നമായ വിമാനത്താവളം യാഥാർത്ഥ്യമായ സ്ഥിതിക്ക് വികസന രംഗത്ത് ഇനി എന്തൊക്കെയാണ് വേണ്ടത് ?
യുവതലമുറയുടെ ഭാവിയെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. കണ്ണൂരിലെ യുവാക്കൾക്ക് പുതിയ ദിശാബോധം നൽകേണ്ടതുണ്ട്. അവരൊരിക്കലും അക്രമത്തിന്റെ പാതയിൽ സഞ്ചരിക്കരുത്. അവരുടെ അറിവും ആത്മവിശ്വാസവും പൊതുപ്രവർത്തകരായ നമ്മളൊക്കെ തിരിച്ചറിയേണ്ടതാണ്. അതിനനുസൃതമായി നമ്മുടെ നാടും വികസിക്കണം. യുവതലമുറയെ പ്രാപ്തരാക്കാൻ ഇവിടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ വരേണ്ടതുണ്ട്. വടക്കേ മലബാറിന്റെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂരിൽ അത്തരം സ്ഥാപനങ്ങൾ പരമാവധി നേടിയെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തും.
കണ്ണൂർ ഇനിയും ബഹുദൂരം വളരേണ്ടതുണ്ട്. പക്ഷേ, ഭരണകേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശമായി വടക്കേ മലബാർ മാറുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ പിന്നാക്കാവസ്ഥയ്ക്ക് കുറേയൊക്കെ മാറ്റം വന്നിട്ടുണ്ട്. വികസനരംഗത്ത് കണ്ണൂരിന് പുതിയ മുഖം നൽകുകയാണ് എന്റെ ലക്ഷ്യം.
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാരിൽ നിന്നും കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒരുപാടു കാലമായി മനസിൽ കൊണ്ടുനടക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഈ തിരഞ്ഞെടുപ്പ് ഫലം ആ സ്വപ്നങ്ങളെ സഫലീകരിക്കാൻ എത്രമാത്രം ഉതകുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഈ സംശയം ദേശീയരാഷ്ട്രീയ സാഹചര്യത്തിലെ ആശങ്കയിൽ നിന്നുണ്ടാകുന്നതാണ്. ഇത് എന്നെ ഭയപ്പെടുത്തുന്നുണ്ട്. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, എനിക്കു ലഭിച്ച അവസരം പരമാവധി ഈ നാടിന്റെ വികസനത്തിന്, കാലഘട്ടത്തിനനുസരിച്ച് എന്റെ നാടിനെ പാകപ്പെടുത്തിയെടുക്കാൻ ഉപയോഗിക്കുക തന്നെ ചെയ്യും..' കണ്ണൂരിന് ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. ഒരു വിമാനത്താവളം സാക്ഷാത്കരിച്ചതിൽ മാത്രമൊതുങ്ങുന്നില്ല വികസനയാത്ര. കണ്ണൂരിന് അർഹിക്കുന്ന പരിഗണന കിട്ടാൻ ചിലപ്പോൾ കേന്ദ്ര സർക്കാരിനോട് പൊരുതേണ്ടി വരും. അതിനും ഞാൻ തയാറാണ്. പ്രതിപക്ഷാംഗമെന്ന നിലയിലുള്ള പരിമിതികൾ അറിയാം. എങ്കിലും ഭരണസംവിധാനത്തിലെ വിശാലമായ മേച്ചിൽപ്പുറങ്ങളിൽ ഒരു പച്ചത്തുരുത്ത് കാണും എന്നുതന്നെയാണ് വിശ്വാസം.
കണ്ണൂരിന്റെ മറ്റൊരു സ്വപ്നപദ്ധതിയാണ് അഴീക്കൽ തുറമുഖം. ഇപ്പോഴും തുടങ്ങിയിടത്ത് തന്നെയാണ് തുറമുഖത്തിന്റെ സ്ഥിതി. അഴീക്കൽ തുറമുഖം യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ?
അഴീക്കൽ തുറമുഖം യാഥാർത്ഥ്യമാക്കാൻ ഏതറ്റം വരെയും പോകും.
കണ്ണൂരിലെ കോസ്റ്റ് ഗാർഡ് അക്കാഡമി ഇപ്പോഴും പ്രാരംഭദശയിൽ തന്നെയാണ്. ?
എ. കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കേ അഴീക്കലിൽ കോസ്റ്റ് ഗാർഡ് അക്കാഡമി പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങളും മുന്നോട്ടു പോയി. എന്നാലിപ്പോൾ അതിന്റെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അത് പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ ആരായും. കണ്ണൂരിന് കൂടുതൽ സാദ്ധ്യതകൾ തുറന്നു കൊടുക്കുന്ന ഏതുതരം പദ്ധതിയെയും ഇരുകൈയും നീട്ടി സ്വീകരിക്കും.
ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?
തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് എനിക്ക് ആദ്യഘട്ടം തന്നെ ഉറപ്പുണ്ടായിരുന്നു. ഓരോ പര്യടനം കഴിയുമ്പോഴും ആത്മവിശ്വാസം വർദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. സി.പി.എം കേന്ദ്രങ്ങളിൽ പോലും യു.ഡി.എഫ് അനുകൂല തരംഗമുണ്ടായി. സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്കുണ്ടായ കനത്ത തിരിച്ചടി. സി.പി.എമ്മിന്റെ അണികൾ വലിയ തോതിൽ മാറി ചിന്തിച്ചുതുടങ്ങി.
അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ കൊണ്ടുവന്നതിൽ ഇപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടോ?
മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. അബ്ദുള്ളക്കുട്ടിയെക്കുറിച്ച് അന്നും ഇന്നും വലിയ മതിപ്പില്ല. അന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. പാർട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവർത്തിക്കാതിരുന്ന സമയത്താണ് സ്ഥാനം നൽകി എം.എൽ.എയാക്കിയത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോൺഗ്രസിലേക്കല്ല, കുതിരവട്ടം മാനസികാശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത്.