കണ്ണൂർ: അച്ഛൻ ഗിരീഷന്റെ കൈയും പിടിച്ച് ഗ്രീഷ്മ ഇന്ന് കണ്ണൂരിൽ ട്രെയിനിറങ്ങും. തിരുവനന്തപുരം അംബേദ്കർ സ്പെഷ്യൽ സ്പോർട്സ് സ്കൂളിൽ നിന്നുള്ള ഈ വരവിന് പതിവിൽ കവിഞ്ഞൊരു പ്രത്യേകതയുണ്ട്. ബോട്ട് പൊളിച്ചുണ്ടാക്കിയ ഒറ്റമുറി കൂരയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ഗ്രീഷ്മയും കുടുംബവും ഇന്ന് വൈകീട്ടോടെ പടികയറുകയാണ്. നാട്ടുകാരുടെ കാരുണ്യത്തിൽ നിർമ്മിച്ച ഈ വീട്ടിന്റെ താക്കോൽ കഥാകൃത്ത് ടി. പത്മനാഭനാണ് കൈമാറുന്നത്.

സംസ്ഥാന ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരി,​ ഫുട്ബാളിലെ മിന്നും താരം,​ കബഡി,​ ബാഡ്മിന്റൺ,​ റിലേ എന്നിങ്ങനെ സകല ഇനത്തിലും താരമായ ഈ നക്ഷത്ര രാജകുമാരിയുടെ ദുരിതം കേരളകൗമുദിയാണ് ഒരു വർഷം മുൻപ് റിപ്പോർട്ട് ചെയ്തത്. അഴീക്കോട് ഓരിയഞ്ചാലിലെ ബ്ലോക്ക് വർക്ക് ഷെഡിന് സമീപത്തായിരുന്നു തകിട് കൂരയിലെ താമസം. ബ്ലോക്ക് പഞ്ചായത്ത് വീടിനായി പണം അനുവദിച്ചെങ്കിലും തറകെട്ടി കഴിഞ്ഞതോടെ പണം തീർന്നു. രോഗിയായ അച്ഛനും അമ്മ ഗിരിജയും അനിയൻ ആനന്ദും അനുഭവിക്കുന്ന ദുരിതം പുറംലോകം അറിഞ്ഞതോടെ നാട്ടുകാരുടെ കാരുണ്യം ഒഴുകിയെത്തി. തണൽ പ്രവർത്തകനായ അംബുജാക്ഷൻ,​ കണ്ണൂർ ട്രാഫിക് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്,​ വളപട്ടണം സി.ഐ കൃഷ്ണൻ,​ സൺഫ്ലവർ ക്ലബ്ബിലെ പ്രഗീത്,​ ബൈജു,​ ചെറുകുന്നിലെ സന്നദ്ധ പ്രവർത്തകർ... എന്നിങ്ങനെ പോകുന്നു ആ നിര.

റോഡിൽ നിന്ന് ഏറെ അകലെയുള്ള വീട്ടിലേക്ക് തലച്ചുമടായിട്ടാണ് സാധനങ്ങൾ എത്തിച്ചത്. ഇതിനായി വളപട്ടണം ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാർ ഒന്നാകെയെത്തി. സൺഫ്ലവർ ക്ലബ്ബും തണലും ജനകീയ കമ്മിറ്റിയും അദ്ധ്വാനിച്ചു. സാമ്പത്തിക സഹായം മാത്രം എട്ട് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. പ്രതിസന്ധികൾ ഒറ്റക്കെട്ടായി തരണം ചെയ്താണ് വീട് നിർമ്മാണം പൂർത്തിയായത്. ഇതിനിടെ അഴീക്കോട് സ്കൂളിലെ പഠനം പൂർത്തിയായതോടെ ഗ്രീഷ്മയെ ഇവരെല്ലാം ചേർന്നാണ് തിരുവനന്തപുരത്തേക്ക് പഠിക്കാനയച്ചത്.

പ്രാഥമിക സൗകര്യം പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുള്ള മോചനം ഏറെ പ്രതീക്ഷയോടെയാണ് കുടുംബം കാണുന്നത്. കായിക രംഗത്ത് ഏറെ മികവ് തെളിയിക്കുന്ന ഗ്രീഷ്മയിൽ നാട്ടുകാരും ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. ഗ്രീഷ്മയ്ക്ക് ഒരു സ്നേഹ വീട് എന്ന പേരിൽ ഇന്ന് വൈകിട്ടോടെയാണ് ചായ സൽക്കാരം നടക്കുക. കണ്ണൂർ ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ,​ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫ്ന എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്.