health

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയാനും പൊടിപടലങ്ങളിൽ നിന്ന് രക്ഷനേടാനും മുഖത്ത് മാസ്കുകൾ ധരിക്കാറുണ്ട്. കേരളം നിപ ഭീഷണി നേരിടുമ്പോൾ മാസ്ക് ധരിച്ച ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളാണ് മനസിലേക്ക് ഓടിയെത്തുക. എന്നാൽ മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലർക്കുമറിയില്ലെന്നതാണ് വാസ്തവം.

മാസ്‌ക് കൈയിൽ എടുക്കുന്നതിന് മുൻപുതന്നെ കൈകൾ കൃത്യമായ രീതിയിൽ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അകം, പുറം, വിരലുകളുടെ ഇടയിൽ, നഖം എന്നീ ഭാഗങ്ങളെല്ലാം വൃത്തിയാക്കണം. മാസ്ക് ധരിക്കുമ്പോൾ നിറം കൂടിയ വശം പുറത്താണ് വരേണ്ടത്. മാസ്‌കിന് മുന്നിലെ മടക്കുകൾ പൂർണമായും നിവർത്തുക.

മാസ്‌കിന് മുകൾഭാഗത്തുള്ള മടങ്ങുന്ന സ്ട്രിപ്പ് മൂക്കിന്റെ എല്ലിന് മുകളിൽ വച്ച് മൂക്കിന് രണ്ട് വശത്തുമായി മടക്കുക.

മൂക്ക്, വായ, താടി എന്നിവ മാസ്‌ക് മൂടുന്നു എന്ന് ഉറപ്പാക്കുക പ്രധാനമാണ്.

മാസ്‌കിന്റെ മുകൾഭാഗത്തെ വള്ളികൾ തലയുടെ പിൻഭാഗത്ത് ചെവികളുടെ മുകളിൽ വച്ചും താഴെയുള്ള വള്ളികൾ കഴുത്തിന്റെ പിൻഭാഗത്തും ചേർത്താണ് കെട്ടേണ്ടത്. മാസ്‌കുകളുടെ വശങ്ങൾ തുറന്നിരിക്കാതെ കവിളുകളോട് ചേർന്നിരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരിക്കൽ മുഖത്ത് ധരിച്ചാൽ പിന്നെ മുഖത്ത് നിന്ന് മാറ്റുകയോ മാസ്‌കുകളുടെ പുറംഭാഗത്ത് സ്പർശിക്കുകയോ ചെയ്യരുത്.

ആറ് മണിക്കൂർ കഴിയുമ്പോഴോ നനയുകയാണെങ്കിൽ അപ്പോഴോ മാറ്റുക. രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറംഭാഗത്ത് ഒരിക്കലും സ്പർശിക്കരുത്. അഴിച്ചു മാറ്റുമ്പോൾ താഴത്തെ വള്ളികൾ ആണ് ആദ്യം അഴിക്കേണ്ടത്. തുടർന്ന് മുകളിലെ വള്ളികൾ അഴിച്ച് അവയിൽ പിടിച്ചുവേണം മുഖത്ത് നിന്ന് മാറ്റാൻ. കൂടുതൽ ശ്രദ്ധിക്കാനുള്ളത് ഒരിക്കൽ ഉപയോഗിച്ചവ പിന്നീട് ഉപയോഗിക്കാൻ പാടില്ലെന്നുള്ളതാണ്. ഉപയോഗിച്ച മാസ്‌കുകൾ ബയോമെഡിക്കൽ വെയ്‌സ്‌റ്റ് മാനേജ്‌മെന്റ് പ്രോട്ടോകോൾ പ്രകാരം നിർമാർജനം ചെയ്യുക. വീടുകളിലാണെങ്കിൽ മൂടിയുള്ള ബിന്നിലേ നിക്ഷേപിക്കാവൂ.

ഡോ. വിനൂപ് വിജയൻ

ബി.എച്ച്.എം.എസ്, വി.എം ഹോസ്പിറ്റൽ,

ഗവ. ആശുപത്രിക്ക് എതിർവശം, മട്ടന്നൂർ.

ഫോൺ. 9846366000.