കണ്ണൂർ: കാലപ്പഴക്കം കാരണം ഉപേക്ഷിക്കാനായ സിലിൻഡറുകളിൽ പോലും പാചക വാതകം നിറച്ച് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതായി പരാതി.കമ്പനി അധികൃതരോ പൊലീസോ പരിശോധന നടത്താത്തതാണ് നിർബാധം ഇങ്ങനെ ചെയ്യാൻ സാധിക്കുന്നതിന് പിന്നിൽ.

സിലിൻഡറിന്റെ താഴത്തെയും മുകളിലെയും ഭാഗങ്ങൾ യോജിപ്പിക്കുന്ന മദ്ധ്യഭാഗത്തും ചോർച്ച നിത്യ സംഭവമാണ്. സിലിൻഡറിന്റെ മദ്ധ്യഭാഗങ്ങളിൽ ചോർച്ചയുള്ള സ്ഥലം എംസീൽ കൊണ്ട് അടച്ച നിലയിലാണ് കാണുന്നത്.സിലിൻഡറുകളുടെ ഗുണനിലവാരം സംബന്ധിച്ച് തിരിച്ചറിവില്ലാത്തവർ വൻ അപകടങ്ങളിലേക്കാണ് ഇതിലൂടെ എത്തുന്നത്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. സിലിൻഡർ പരിശോധിച്ച തീയതിയും എന്നുവരെ ഉപയോഗിക്കാമെന്നുള്ള വിവരങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമാകണം സിലിൻഡർ ഉപയോഗിക്കാൻ. ഏജൻസികളുടെ ഗോഡൗണുകളിൽ കൃത്യമായി പരിശോധന നടത്താത്തതിനാലാണ് വ്യാപകമായി കാലപഴക്കമുള്ള സിലിൻഡറുകളിൽ വാതകം നിറയ്ക്കുന്നതെന്ന ആക്ഷേപമുണ്ട്.

വാഷറുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം വാതകം ചോരുന്ന കാര്യം അറിയിച്ച് ഏജൻസികളെ സമീപിച്ചാൽ ആവശ്യമായ നടപടികൾ പെട്ടെന്നു ഉണ്ടാകാറില്ലെന്ന പരാതിയുമുയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഏജൻസികളും ഗുണഭോക്താക്കളും മാത്രം പറഞ്ഞു തീർക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.

ശ്രദ്ധിക്കണം (ഹൈലൈറ്റ്സ്)
ഗ്യാസ് സ്റ്റൗവിന്റെ അപാകത,

ഉപഭോക്താക്കളുടെ അശ്രദ്ധ,

റെഗുലേറ്റർ, ഹോസ് തുടങ്ങിയവയുടെ കാലപ്പഴക്കം,

സിലിൻഡർ നോബ്, വാഷർ എന്നിവയിലുണ്ടാകുന്ന തകരാർ

വേണം കരുതൽ

ഓരോ തവണ റീഫിൽ ചെയ്യുന്ന സമയത്തും നോബിനുള്ളിലെ വാഷർ മാറ്റേണ്ടതുണ്ട്. ഈ റബ്ബർവാഷർ കൃത്യമായി ഉറപ്പിച്ചില്ലെങ്കിൽ വാതകം ചോരാൻ സാദ്ധ്യതയുണ്ട്. റബർവാഷറിന്റെ ഇടയിൽ ചെറിയ മണൽത്തരിയോ, തുരുമ്പോ ഉണ്ടായാലും ഗ്യാസ് ലീക്കാകും. റെഗുലേറ്റർ ഘടിപ്പിക്കുമ്പോൾ ഇക്കാര്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.