തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം.സ്വന്തം പാർട്ടിയിലെ കൗൺസിലർമാരെ നോക്കുകുത്തിയാക്കിയാണ് യൂത്ത് കോൺഗ്രസ് ഉപരോധം നടത്തിയത് .
കഴിഞ്ഞ കുറച്ച് ദിവസമായി തളിപ്പറമ്പ് നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ നീക്കം നിലച്ച കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് ഇഖ്ബാലാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. എന്നാൽ, മാലിന്യ നീക്കം തടസപ്പെട്ടത് താത്കാലികം മാത്രമാണെന്നും കർണ്ണാടകയിലെ മാലിന്യ സംസ്‌കരണ ഏജൻസി റംസാൻ അവധിയായതിനാലാണ് ഇതെന്നും നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ മുരളീധരൻ രംഗത്തെത്തിയത്. നഗരസഭാ സെക്രട്ടറിക്കെതിരെ ചില ജീവനക്കാരും മാധ്യമങ്ങളും ചേർന്ന് ഗൂഢാലോചന നടത്തി. ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിറകിൽ. കണ്ണിൽ പൊടി ഏശാതിരിക്കാനാണ് സെക്രട്ടറി കാർ ഉപയോഗിക്കുന്നത്. ആ മനുഷ്യത്വം പോലും പരിഗണിക്കാതെയാണ് യൂത്ത് കോൺഗ്രസുകാർ സെക്രട്ടറിയെ ഉപരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കൗൺസിലർമാർ ഇരിക്കെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ ഉപരോധിച്ചത് ആ പാർട്ടിയിലെ വിശ്വാസരാഹിത്യമാണെന്ന് ബിജെപി കൗൺസിലർ കെ വത്സരാജനും തുറന്നടിച്ചു. അതിനാൽ കോൺഗ്രസ് കൗൺസിലർമാർ കൂട്ടരാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് തളിപ്പറമ്പ് നഗരസഭയിലേതെന്നായിരുന്നു ചെയർമാന്റെ മറുപടി. തളിപ്പറമ്പിന്റെ വിവിധ ചുമരുകളിൽ പോസ്റ്ററുകളും മറ്റും പതിച്ച് വികൃതമാക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് ഒഴിവാക്കി നഗരം ശുചീകരിച്ച് സൗന്ദര്യവത്കരിക്കുകയായിരുന്നു ചെയ്തത്. ഈ വിഷയം നേരത്തെ നടന്ന രണ്ട് കൗൺസിലുകളിൽ വിശദീകരിച്ചതുമാണ്. ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും ചെയർമാൻ മറുപടി നൽകി.നഗരസഭാ വൈസ് ചെയർപേഴ്‌സൺ വത്സലാ പ്രഭാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സി .ഉമ്മർ, രജനി രമാനന്ദ് എന്നിവരും സംസാരിച്ചു.