അഴീക്കോട് : ചികിത്സാ രംഗത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി അഴീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തിൽ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് പ്രവത്തനക്ഷമമായതോടെ സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രമായി സി.എച്ച്.സി മാറുകയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയ്ക്കിടയിലും ജനങ്ങളുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നൽകുന്ന ആശുപത്രിയിൽ ദിവസവും അഞ്ഞൂറോളം പേരാണ് ചികിത്സയ്‌ക്കെത്തുന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഒ.പികളിലായി നാല് ഡോക്ടർമാർ സ്ഥിരമായുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ഒരു ഡോക്ടറും ജീവിതശൈലീ രോഗ നിർണയ ക്ലിനിക്കിൽ ദേശീയ ആരോഗ്യ ദൗത്യം ഏർപ്പെടുത്തിയ ഡോക്ടറും സി.എച്ച്.സിയിലുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് 2017 ജനുവരിയിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് ഡെന്റൽ യൂണിറ്റിനുള്ള അനുബന്ധ സൗകര്യം ഒരുക്കിയത്. ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ ഉച്ചയ്ക്ക് ശേഷവും ഒ.പി പ്രവർത്തിച്ചു തുടങ്ങി. രാവിലത്തെ ഒ.പിയിൽ നാനൂറിലധികം പേരും ഉച്ചയ്ക്ക് ശേഷമുള്ള ഒപിയിൽ 200പേരും ദിവസവും എത്തുന്നുണ്ട്. സി.എച്ച്.സിയിൽ എത്തുന്നവർക്ക് വിശാലമായ ഇരിപ്പിടവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.
ഫിസിയോതെറാപ്പിയും റെഡി:
ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉപകരണങ്ങൾ നാല് ലക്ഷം രൂപയ്ക്ക് ബ്ലോക്ക് പഞ്ചായത്താണ് സജ്ജീകരിച്ചത്. ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതി വഴി ഫിസിയോതെറാപ്പിസ്റ്റിനെയും നിയമിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം സി..എച്ച്..സിയിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടാകും. ബാക്കി ദിവസങ്ങളിൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഗൃഹസന്ദർശനവും ഉണ്ടാകും. എൻ.എച്ച്.എമ്മിന്റെ ഫിസിയോതെറാപ്പി ടീമിന്റെ സേവനവും രണ്ട് ദിവസം സി.എച്ച്.സിയിൽ ലഭിക്കും. ആധുനിക സൗകര്യമുള്ള ലാബും ഒരുക്കിയിട്ടുണ്ട്. ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി അനലൈസർ, യു.പി.എസ്, ഇൻവർട്ടർ എന്നിവയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഡയാലിസിസ് സെന്റർ നിർമ്മാണം പുരോഗമിക്കുന്നു:
ഡയാലിസിസ് സെന്ററിനായുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. കെട്ടിട സൗകര്യത്തിന്റെ പരിമിതിയാണ് സി..എച്ച്..സിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 4.6 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.