തൃക്കരിപ്പൂർ: പഞ്ചായത്തിലെ വടക്കെകാട് ദ്വീപിലും വലിയ പറമ്പിലും കുടിവെള്ളം മാസങ്ങളായി ലഭിക്കാതെ നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ.
വലിയപറമ്പിലേക്ക് വർഷങ്ങളായി കുടിവെള്ളം എത്തിയിരുന്നത് രാമന്തളിയിൽ സ്ഥാപിച്ച ജലസംഭരണിയിൽ നിന്നും പൈപ്പ് വഴിയായിരുന്നു. പഞ്ചായത്തിന്റെ തെക്കൻമേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത റിസോർട്ടുകളിൽ വെള്ളം ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഈ മേഖലയിൽ ജലക്ഷാമം രൂക്ഷമായതെന്ന് ആരോപണമുണ്ട് . കൂടാതെ കൃഷിക്കും മറ്റും ഈ വെള്ളം തന്നെ എടുക്കുന്നതായി നാട്ടുകാർ പറയുന്നു.
വലിയപറമ്പിൽ കുടിവെള്ളം പ്രശ്‌നം രൂക്ഷമായ പ്രദേശത്ത് വെള്ളം വിതരണം ചെയ്യാൻ പഞ്ചായത്ത് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി.പി.എം വലിയപറമ്പ് സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വലിയപറമ്പ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. പ്രദേശത്ത് തന്നെയുള്ള ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം മതിയാവാതെ വന്നതോടെയാണ് പഞ്ചായത്ത് തന്നെ നേരിട്ട് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്തുവന്നത്.
മൂന്ന് മാസമായി തുടരുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരവുമായി സി.പി.എം രംഗത്ത് വന്നത്. സമരത്തെ തുടർന്ന് 12 മണി വരെ പഞ്ചായത്ത് തുറന്ന് പ്രവർത്തിക്കാനായില്ല. സമരം ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.പി ബാലൻ അധ്യക്ഷനായി. വി.വി സജീവൻ, വി. ശ്രീധരൻ, സി.വി കണ്ണൻ, വി.കെ കരുണാകരൻ, വി.എം ബാലൻ എന്നിവർ സംസാരിച്ചു. പി. ശ്യാമള സ്വാഗതം പറഞ്ഞു.
പടം...തൃക്കരിപ്പൂർ പഞ്ചായത്ത് ഉപരോധ സമരം സി.പി.എം. ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.