പയ്യന്നൂർ: തായ്‌ലൻഡിൽ നടക്കുന്ന കിംഗ്സ് കപ്പിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമംഗം കവ്വായി സ്വദേശി സഹൽ അബ്ദുൾ സമദിനെ നംരസഭാ യോഗം അഭിനന്ദിച്ചു. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗമാണ് സഹലിനെ ഏകകണ്ഠമായി അഭിനന്ദിച്ചത്.ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വലാണ് പ്രമേയം അവതരിപ്പിച്ചത്.ഇ.ഭാസ്‌കരൻ ,പി .പി .ദാമോദരൻ എന്നിവർ പിന്താങ്ങി.
പയ്യന്നൂർ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ സർവീസ് മുടക്കം പതിവാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ പി.പി.ദാമോദരൻ അവതരിപ്പിച്ച പ്രമേയവും തോട്ടംകടവ് പാലത്തിനു സമീപം ഒന്നര കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ പി.ഭാസ്‌കരൻ അവതരിപ്പച്ച പ്രമേയവും യോഗം അംഗീകരിച്ചു.വിഷയം മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും പ്രാഥമിക പരിശോധന നടന്നതായും ചെയർമാൻ വ്യക്തമാക്കി.
2019- 20 വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതിന് സർക്കാർ നൽകിയ മാർഗനിർദ്ദേശങ്ങൾ യോഗം അംഗീകരിച്ചു.കൊളേക്കര കുറുമഞ്ഞ് റോഡ് ഉയർത്തി സോളിംഗ് പ്രവൃത്തിയുടെയും വരുവക്കുണ്ട് അയോധ്യ റോഡ് ഓവുചാൽ വീതി കൂട്ടി റീടാർ ചെയ്യുന്ന പ്രവൃത്തിയുടെയും റീ ടെൻഡറിന് യോഗം അനുമതി നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്ത ഒമ്പതു പേർക്ക് കർഷക തൊഴിലാളി പെൻഷനും അഞ്ചുപേർക്ക് വിധവകളുടെ മക്കൾക്കുള്ള വിവാഹ ധനസഹായവും അനുവദിക്കാൻ കൗൺസിൽ അനുമതി നൽകി. ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലറുടെ ജോലി:
നിയമോപദേശം തേടും.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ കൗൺസിലർ കെ.എം.ശ്രീകാന്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നതു സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ചെയർമാൻ ശശി വട്ടക്കൊവ്വൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു.കോൺഗ്രസിലെ പി.പി.ദാമോദരനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്.സഹകരണ മേഖലയിലായിരുന്ന സ്ഥാപനം സർക്കാർ ഏറ്റെടുത്തുവെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതേയുള്ളു. മാത്രമല്ല, ശ്രീകാന്ത് ഇപ്പോൾ നഗരസഭയിൽ നിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റുന്നുമില്ല. നിയമോപദേശം കിട്ടിയ ശേഷം മാത്രമേ നിയമ തടസമുണ്ടോ എന്ന് വ്യക്തമാവുകയുള്ളുവെന്നും ചെയർമാൻ പറഞ്ഞു.