ചെറുവത്തൂർ: കഴിഞ്ഞുപോയ കാലത്തിന്റെ നേർസാക്ഷ്യവുമായി വീണ്ടും കോലായക്കൂട്ടം. ചക്കയും കോഴിയും ചേർന്ന വിഭവത്തിന് മേമ്പൊടിയായി വിതറിയ അരിപ്പൊടി, ഒപ്പം ചുക്കുകാപ്പിയും...

നാട്ടുരുചിയുടെ നന്മവിഭവങ്ങൾ അച്ചാംതുരുത്തിയിലെ വിശ്വംഭരന്റെ കോലായയിൽ കഴിഞ്ഞദിവസം വിളമ്പിയപ്പോൾ അതൊരു ഗൃഹാതുര ഓർമ്മയായി. പഴയകാലത്തെ ഓർമിക്കാൻ ചിമ്മിണിക്കൂടിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയത്തിനതീതമായി പ്രദേശത്തെ മുതിർന്ന പൗരന്മാർ ഒത്തുകൂടിയത്.
വസൂരിയെ അകറ്റിയെങ്കിലും നിപയുടെ രംഗ പ്രവേശനം ഇത്തവണ കോലായിക്കൂട്ടത്തിലെ പ്രധാന ചർച്ചാ വിഷയമായി. പെരുമഴപ്പെയ്ത്തിന്റെ ഭൂതകാലങ്ങളിൽ തുരുത്തുകളിൽ ഒരു മേൽക്കൂരയ്ക്ക് കീഴെ ജീവിതം പങ്കിട്ടതിന്റെ ഓർമ്മകൾ. കള്ളുചെത്തിന്റെ കയർപിരിക്കലിന്റെ മത്സ്യ ബന്ധനത്തിന്റെ ജീവിത ഗന്ധിയായ ചിത്രങ്ങൾ...
പോയകാല ജീവിതരീതികളെ, തരണംചെയ്ത പ്രതിബന്ധങ്ങളെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്ത് അയവിറക്കി വിശ്വംഭരനും കൃഷ്ണനും മലപ്പിൽ സുകുമാരനും മുനമ്പത്ത് ഗോവിന്ദനും വിജയനുമെല്ലാം.
ചർച്ചകളിൽ ഇടപെട്ട് ഡോ. സുരേന്ദ്രൻ ആരോഗ്യ സംവാദത്തെ ഏറെ സജീവമാക്കി. കൂടെ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സുരേശനും മധുവും മോഹനനും മഹേഷും ഭാനുമതിയും.
വാർഡുമെമ്പർ ശ്രീജയും വിനോദ് അച്ചാംതുരുത്തിയും ആശാവർക്കർ സുമിത്രയും നല്ല സംഘാടകരായി.
മണ്ണിനെ, വെള്ളത്തെ, വായുവിനെ മലിനമാക്കുന്നതിനെതിരെ ജാഗ്രത പാലിക്കാൻ, പ്രതിരോധം തീർക്കാൻ മനസ്സിലുറപ്പിച്ച് നാട്ടുകൂട്ടം പിരിയുമ്പോൾ രാവേറെ വൈകിയിരുന്നു.

ദേശീയ തലത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയ മധൂർ വിവേകാനന്ദ നഗറിലെ ഹൃദ്യാലക്ഷ്മിയെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അനുമോദിക്കുന്നു.