കണ്ണൂർ:തീപിടിത്തം നിയന്ത്രിക്കുന്നതിന് അഗ്നിശമനസേനക്ക് അത്യാധുനിക സജ്ജീകരണത്തോടു കൂടിയ വാഹനങ്ങളെത്തി .ആധുനികവത്ക്കരണത്തിന്റെ ഭാഗമായാണ് കണ്ണൂർ ഫയർ ആന്റ് റസ്ക്യൂ ജില്ലാ ആസ്ഥാനത്ത് വാട്ടർ ബൗസർ,ഫോ ടെൻഡർ എന്നീ വാഹനങ്ങൾ അനുവദിച്ചത്. കണ്ണൂരിൽ അഗ്നിശമന സേന ജില്ലാ ആസ്ഥാനത്താണ് വൻതീപിടിത്തത്തെ മറികടക്കാൻ സാധിക്കുന്ന ഇൗ രണ്ട് വാഹനങ്ങളുള്ളത്.
കഴിഞ്ഞ വർഷം 70 ലക്ഷം രൂപ വരെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സർക്കാർ അഗ്നിശമന സേനയ്ക്ക് അനുവദിച്ചിരുന്നു.വെള്ളിയാഴ്ച്ച വൈകീട്ടാണ് ഇരു വാഹനങ്ങളും കണ്ണൂർ അഗ്നിശമന സേന ആസ്ഥാനത്ത് എത്തിയത്.
കണ്ണൂർ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ അനുവദിച്ച വാട്ടർ ബൗസർ,ഫോ ടെണ്ടർ വാഹനങ്ങൾ കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി.ലത ഫ്ലാഗ് ഒാഫ് ചെയ്തു.റീജിയണൽ ഫയർ ഒാഫീസർ ജെ.എസ് .സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഫയർ ഒാഫീസർ എൻ.രാമകുമാർ,സ്റ്റേഷൻ ഒാഫീസർ കെ.വി ലക്ഷമണൻ എന്നിവർ പ്രസംഗിച്ചു.
ചിലവ് 1. 20 കോടി
മിനിറ്റിൽ 4000 ലിറ്റർ വെള്ളം
12,000 ലിറ്റർ വെള്ളം സംഭരിക്കാൻ സാധിക്കുന്ന വാട്ടർ ബൗസർ വാഹനത്തിൽ നിന്നും 1 മിനുറ്റിൽ 4000 ലിറ്റർ വെള്ളം പുറത്തേക്ക് തള്ളാൻ സാധിക്കും.പത്തും പതിനഞ്ചും സാധാരണ ഫയർഫോഴ്സ് വാഹനങ്ങൾ പുറത്ത് തള്ളുന്ന വെള്ളം മൂന്ന് മിനുറ്റിൽ ഒരു വാട്ടർബൗസറിൽ നിന്നും പുറത്ത് വിടാം.ഏറെ വേഗത ഉള്ളതിനാൽ തന്നെ വൻതീപിടിത്തങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.പമ്പും ,ഫിക്സഡ് മോണിറ്ററും വാട്ടർ ബൗസർ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടാകും.
ഇന്ധനചോർച്ച തടയും ഫോ ടെൻഡർ
ഇന്ധന ചോർച്ചയും മറ്റും സംഭവിച്ചാൽ വെള്ളത്തിനോടൊപ്പം ഇന്ധന ചോർച്ചയെ നിർവീര്യമാക്കാൻ സാധിക്കുന്ന രാസപദാർത്ഥങ്ങൾ കൂടി വെള്ളത്തിനോടൊപ്പം വരുന്ന സംവിധാനമുള്ള വാഹനമാണ് ഫോ ടെൻഡർ.അഗ്നിശമന സേനയുടെ ചെറിയ വാഹനത്തിൽ 500 ലിറ്റർ വെള്ളമാണ് സംഭരിക്കാൻ സാധിക്കുന്നത്.മിനി വാട്ടർ ടാങ്കറിൽ 3000 ലിറ്റർ വെള്ളവും സാധാരണ ഫയർ എൻഡനിൽ 4000 ലിറ്റർ വെള്ളവും സംഭരിക്കാം.സാധാരണ വാഹനത്തിൽ 20 മിനുറ്റ് വരെ വെള്ളം പുറത്ത് വിടാൻ സാധിക്കുമെങ്കിൽ വാട്ടർ ബൗസർ,ഫോ ടെൻഡർ വാഹനങ്ങളിൽ നിന്നും ഒരു മണിക്കൂർ വരെ വെള്ളം പുറത്ത് വിടാം.
ജില്ലയിലെ അഗ്നിശമന സേന ഉദ്യോഗസ്ഥർക്ക് ഒാരോ ഘട്ടങ്ങളിലായി പുതിയ വാഹനങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകുന്നുണ്ട്.ഇനി വാഹനം പരിചയപ്പെടുത്തുന്ന ക്ലാസ് മാത്രമാണ് ലഭിക്കേണ്ടത്.അടുത്ത ദിവസങ്ങളിലായി അതിനാവശ്യമായ ക്ലാസ് ലഭ്യമാക്കും-
കെ.വി.ലക്ഷ്മണൻ ,ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ,കണ്ണൂർ