കാഞ്ഞങ്ങാട്: ഈ സർക്കാർ അധികാരത്തിലെത്തി മൂന്നുവർഷം പൂർത്തിയാക്കിയപ്പോഴേക്കും സർക്കാർ വിദ്യാലയങ്ങളിൽ മൂന്നു ലക്ഷത്തോളം കുട്ടികളുടെ വർധനയുണ്ടായിയെന്നും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അരയി ഗവൺമെന്റ് യു.പി സ്‌കൂളിന് സമഗ്ര ശിക്ഷ കേരള അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമ്മിച്ച രണ്ടു ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക പരിജ്ഞാനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താഴെ തട്ടിൽ നിന്ന് ആരംഭിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവൻ എൽ.പി, യു.പി സർക്കാർ വിദ്യാലയങ്ങൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കുന്നതിനുള്ള പണം എം.എൽ.എ ഫണ്ടിൽ നിന്ന് കഴിഞ്ഞ സാമ്പത്തികവർഷം തന്നെ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷയിൽ വിജയിച്ച കുട്ടികളെയും മന്ത്രി അനമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മഹമൂദ് മുറിയനാവി, സി.കെ. വത്സലൻ, ജഗദീശൻ, എസ്.എസ്.എ ഉദ്യോഗസ്ഥരായ പി.കെ ജയരാജൻ, പി.പി. വേണുഗോപാലൻ, സുധ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. പി.കെ ശ്രീകാന്ത് സ്വാഗതവും എ.സി ബിന്ദു നന്ദിയും പറഞ്ഞു.