പയ്യന്നൂർ: കണ്ടങ്കാളി ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വന്ന പരിസ്ഥിതി ചലച്ചിത്രോത്സവം സമാപിച്ചു.സമാപന സമ്മേളനം സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാനും പ്രതിഷേധിക്കാനും ഉള്ള ആത്മധൈര്യം പകർന്നുതരുന്ന മാദ്ധ്യമമാണ് സിനിമയെന്ന് മനോജ് കാന പറഞ്ഞു. പ്രകൃതിയുടെ ലാവണ്യം മനസ്സിലാക്കാനും പ്രകൃതിനശീകരണത്തിന്റെ ഭീകരത തിരിച്ചറിയാനും സിനിമയോളം പോന്ന കലകളില്ല. സിനിമയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ കഴിയെണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകൻ ഷെരീഫ് ഈസ മുഖ്യാതിഥി ആയിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥന സെൽ അംഗം ശ്രീധരൻ കൈതപ്രം, പ്രിൻസിപ്പാൾ പി.വി. വിനോദ് കുമാർ, കെ.പി . ജോയ്, മിനി നമ്പ്യാർ, പി.പ്രേമചന്ദ്രൻ,
എം.ബാബു തുടങ്ങിയവർ സംസാരിച്ചു.
പ്രകൃതിയെയും കാലാവസ്ഥയെയും സംബന്ധിച്ചുള്ള പുതിയ അറിവുകളും അനുഭവങ്ങളുമൊരുക്കിയ പരിസ്ഥിതി ചലച്ചിത്ര മേള കുട്ടികൾക്ക് നവ്യാനുഭവമായി. ലോകത്തെമ്പാടും ഉണ്ടായിട്ടുള്ള പരിസ്ഥിതി പ്രമേയമായുള്ള കഥാ സിനിമകളും ഡോക്യുമെന്ററികളും ആനിമേഷൻ സിനിമകളും അടക്കം അഞ്ചു തിയേറ്ററുകളിലായി ഇരുപതിൽ അധികം സിനിമകൾ മേളയിൽ പ്രദർശിപ്പിച്ചു. മേളയുടെ രണ്ടാം ദിവസം ഡോക്യുമെന്ററി സംവിധായകൻ ബാബു കാമ്പ്രത്ത് കുട്ടികളുമായി അദ്ദേഹത്തിന്റെ മദർ ബേഡ് എന്ന ചലച്ചിത്ര പ്രദർശനത്തിന് ശേഷം സംവദിച്ചു.സംവിധായകൻ ഡോ: ബിജുവാണ് രണ്ട് ദിവസത്തെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തത്.