കൂത്തുപറമ്പ്:നിയുക്ത എം. പി കെ.മുരളീധരന് കൂത്തുപറമ്പ് മണ്ഡലത്തിൽ സ്വീകരണം നൽകി. രാവിലെ മൂര്യാട് നിന്നാരംഭിച്ച പര്യടന പരിപാടി രാത്രി ഏറെ വൈകി പെരിങ്ങത്തൂരിലാണ് സമാപിച്ചത്. പടക്കങ്ങൾ പൊട്ടിച്ചും മധുര പലഹാരങ്ങൾ നൽകിയും യു.ഡി.എഫ്. പ്രവർത്തകർ മുരളീധരന്റെ വരവ് ആഘോഷമാക്കി മാറ്റി. സംസ്ഥാനത്ത് സി.പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനുമുള്ള തിരിച്ചടിയാണ് എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാാരണമെന്നും കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും മുരളീധരൻ സ്വീകരണ യോഗങ്ങളിൽ പറഞ്ഞു.

മൂര്യാട് നടന്ന സ്വീകരണത്തിന് ശേഷം പന്യോറ, കിണവക്കൽ, മൗവ്വേരി, കോട്ടയം അങ്ങാടി, പാട്യം പുതിയ തെരു, ചീരാറ്റ, ചെറുവാഞ്ചേരി , വള്ള്യായി, പാത്തിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും മുരളീധരന് ഉജ്വല സ്വീകരണം നൽകി. യു.ഡി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് പൊട്ടൻങ്കണ്ടി അബ്ദുള്ള, ഡി.സി.സി. വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻ, കെ.പി.സാജു, പി.കെ.സതീശൻ, സത്യൻ നരവൂർ, രാജൻ പുതുശ്ശേരി, വി.ബി.അഷറഫ്, തുടങ്ങിയവർ മുരളീധരനോടൊപ്പമുണ്ടായിരുന്നു.