75 മീറ്ററോളം നീളത്തിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
തൃക്കരിപ്പൂർ: ആറു പതിറ്റാണ്ടുകാലമായി നിലകൊള്ളുന്ന പഴഞ്ചൻ കെട്ടിടം കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. തൃക്കരിപ്പൂർ ചൊവ്വേരി മുക്കിൽ ട്രാഫിക് സിഗ്‌നലിന്റെ തൊട്ടാണ് 75 മീറ്ററോളം നീളത്തിൽ ഏതു സമയത്തും തകർന്നേക്കുമെന്ന നിലയിലുള്ള കെട്ടിട സമുച്ചയമുള്ളത്.
ഇതിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും പരിസരത്തെ വ്യാപാരികൾ ഉടമയെയും പിന്നീട് പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നുവെങ്കിലും നടപടികൾ സ്വീകരിക്കാൻ തയാറായിട്ടില്ല. അതിനിടയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു.
തൃക്കരിപ്പൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഇതുവഴിയാണ് നടന്നു പോകുന്നത്. അതുപോലെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള നാട്ടുകാർ ഈ പാത വഴിയാണ് കടന്നു പോകുന്നത്. മേൽക്കൂര തകർന്നതോടെ മഴവെള്ളം പഴക്കം ചെന്ന ചുമരിൽ വീഴാൻ തുടങ്ങിയതോടെ ചുമർ കുതിർന്നു വിള്ളൽ രൂപപ്പെട്ടിട്ടുമുണ്ട്. ചുമർ തകർന്നാൽ ഏതുസമയത്തും ആൾ സഞ്ചാരമുള്ള പാതയിലേക്കാണ് വീഴുക. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
നേരത്തെ ഖാദി ബോർഡിന്റെ നൂൽ നൂൽപ്പ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടം, ഖാദി കേന്ദ്രം നടക്കാവിലേക്ക് മാറിയതോടെയാണ് ഉപയോഗശൂന്യമായത്.
അപകട സാധ്യതയുള്ള ഈ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റാൻ നിർദ്ദേശം കൊടുക്കണം
നാട്ടുകാർ
അപകട സാധ്യതയുള്ള ചൊവ്വേരി മുക്കിലെ ഉപയോഗ ശൂന്യമായ കെട്ടിടം