കൊട്ടിയൂർ: യാഗോത്സവ നാളുകളിൽ നടന്നുവരുന്ന നാല് വലിയവട്ടളം പായസ നിവേദ്യങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്നലെ പെരുമാൾക്ക് സമർപ്പിച്ചു.പൊൻമലേരി കോറോത്ത് തറവാട്ടുകാരുടെ വകയായിരുന്നു ആയില്യം ചതുശ്ശതം.
മഹോത്സവം സമാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇന്നലെ രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അക്കരെ കൊട്ടിയൂരിൽ ദർശനത്തിനായി എത്തിയത്.രണ്ടാം ശനിയാഴ്ചയായിരുന്നതിനാലും ഇന്ന് ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ സന്നിധിയിലേക്ക് പ്രവേശനമില്ലാത്തതും തീർത്ഥാടക പ്രവാഹത്തിന് കാരണമായി.
വൈശാഖോത്സവത്തിന്റെ മൂന്നാം ഘട്ടം മകം കലംവരവോടെ ആരംഭിക്കും. ഇന്ന് മുതൽ അനുഷ്ഠാന കർമ്മങ്ങളിൽ മാറ്റമുണ്ടാകും.മണിത്തറയിൽ നിഗൂഢപൂജകൾ ആരംഭിക്കും.ഉച്ചശീവേലിക്ക് ശേഷം ആനകൾ നമസ്‌കരിച്ച് അമ്മാറക്കൽ വലം വെച്ച് പ്രദക്ഷിണം പൂർത്തിയാക്കി പടിഞ്ഞാറെ നടവഴി ഇടബാവലിയിലൂടെ പുറകോട്ട് നടന്ന് അക്കരെ കടക്കുന്നു. ആനകൾ പോകുന്നതോടെ സ്ത്രീകളും അക്കരെ കടക്കും.
മകം, പൂരം, ഉത്രം നാളുകളിൽ നടക്കുന്ന കലശപൂജയ്ക്കാവശ്യമായ കലങ്ങൾ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് മുഴക്കുന്ന് നല്ലൂരിൽ നിന്നും നല്ലൂരാന്റെ നേതൃത്വത്തിലുള്ള 12 പേരാണ്. വ്രതനിഷ്ഠയോടെ നിർമ്മിക്കുന്ന കലങ്ങൾ പനയോലയിൽ കെട്ടിയാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നത്. രാത്രിയോടെയാണ് കൊട്ടിയൂരിൽ എത്തുന്നത്.പുറപ്പെടുന്നത് ആരും കാണാൻ പാടില്ലാത്തതിനാൽ വഴിയിലുള്ള വൈദ്യുത വിളക്കുകളും വാഹനങ്ങളും നിയന്ത്രിക്കും.
വൈകന്നേരം ആയിരംകുടം അഭിഷേകം കഴിഞ്ഞ് പൂജ പൂർത്തിയാക്കി ബ്രാഹ്മണർ കലംവരവും കാത്ത് ധ്യാനനിരതരായിരിക്കും. കലമെഴുന്നള്ളത്തുകാർ നിഗൂഢമായ വഴികളിലൂടെ അക്കരെ കൊട്ടിയൂരിലെത്തി കലങ്ങൾ സമർപ്പിച്ച് മണിത്തറയിലെത്തമ്പോൾ അവർക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണൻ പ്രസാദം നൽകും. കലങ്ങൾ കരിമ്പനക്കൽ ചാത്തോത്ത് കയ്യാലയിൽ സൂക്ഷിക്കും.നിഗൂഢ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനാൽ ആർക്കും ദർശനം അനുവദിക്കില്ല.12 ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും.13 ന് തൃക്കലശ്ശാട്ടോടെ ഉത്സവം സമാപിക്കും.