കണ്ണൂർ: താഴെചൊവ്വ തെക്കിലെപീടികയ്ക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കുത്തിയൊഴുകി മരക്കാർകണ്ടി മിൽമ ബൂത്തിനു സമീപത്തെ റോഡ് തകർന്ന് ഗതാഗതം താറുമാറായി. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനം പോകുന്നത്. നിരവധി തവണ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചു പരാതി അറിയിച്ചതായി ട്രാഫിക് പൊലീസ് പറഞ്ഞു. അതേസമയം വാഹനങ്ങളുടെ തിരക്കേറിയ നേരമായതിനാൽ രാത്രിയോടെ മാത്രമേ അറ്റകുറ്റപ്പണി നടത്താനാകൂയെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. പൈപ്പുകൾ പഴകിയതും റോഡ് വീതിയേറിയതും കാരണമാണ് പൈപ്പ് പൊട്ടുന്നത്. മുപ്പത് വർഷത്തോളം പഴക്കമുള്ള 125 എം.എം പൈപ്പാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പഴയ പൈപ്പും അതേ പോലുള്ള വാൾവും ആയതിനാൽ കൃത്യമായ അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിറ്റിയും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ജലക്ഷാമം നേരിടുന്ന സമയത്ത് ഇത്രയേറെ വെള്ളം പാഴാകുന്നത് ജനങ്ങളിലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.