-nazeer

തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. തലശേരി കയ്യാത്ത് റോഡിൽ വച്ച് നസീറിനെ മൂന്ന് അക്രമികൾ പിന്തുടർന്ന് വടിവാൾ കൊണ്ട് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകളാണ് പുറത്തുവിട്ടത്. 1.36 മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ നസീറിനെ

അടിച്ചുവീഴ്ത്തുന്നതും ശരീരത്തിലൂടെ ബൈക്ക് കയറ്റി ഇറക്കുന്നതും കാണാം.

സംഭവം നടന്നതിന് എതിർവശത്തെ കടയ്ക്ക് മുന്നിലുള്ള സി.സി.ടി.വി കാമറയിലാണ് ദൃശ്യം തെളിഞ്ഞത്. ഇതിൽ രാത്രി 7.29 എന്നാണ് സമയം രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യത്തിനുശേഷം ബൈക്കിൽ കയറി പ്രതികൾ രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്.

മേയ് 18ന് രാത്രിയാണ് നസീർ ആക്രമിക്കപ്പെട്ടത്. തലശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ചതിന് തലശേരി എം.എൽ.എ എ.എൻ ഷംസീറും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും ചേർന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് നസീർ ആരോപിച്ചിരുന്നു. തുടർന്ന് പാർട്ടി തെളിവെടുപ്പും നടത്തി. കേസിൽ ഇതുവരെ മൂന്നുപേർ അറസ്റ്റിലാവുകയും രണ്ടുപേർ കോടതിയിൽ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സ്ഥലംമാറ്റി. തലശേരി സി.ഐ വി.കെ. വിശ്വംഭരനെ കാസർകോട്ടേക്കും എസ്.ഐ ഹരീഷിനെ പേരാമ്പ്രയിലേക്കുമാണ് സ്ഥലംമാറ്റിയത്. പകരം സി.ഐയായി കണ്ണൂർ ക്രൈംബ്രാഞ്ച് സി.ഐ സനൽകുമാറിനെയാണ് നിയമിച്ചത്. പകരം എസ്.ഐയെ നിയമിച്ചിട്ടുമില്ല.