കൊട്ടിയൂർ: മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ഘട്ടം ഇന്നലെ മകം കലംവരവോടെ അക്കരെ കൊട്ടിയൂരിൽ ആരംഭിച്ചു.ഉത്രാടം നാൾ വരെ ഒന്നാംഘട്ടം ദേവകളുടെ ഉത്സവമായും തിരുവോണം നാൾ മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടം മനുഷ്യരുടെ ഉത്സവമായും മകം നാൾ മുതലുള്ള മൂന്നാംഘട്ടം ഭൂതഗണങ്ങളുടെ ഉത്സവമായുമാണ് കണക്കാക്കുന്നത്.
ഇന്നലെ ഉച്ചശീവേലിക്ക് ശേഷം ആനകൾ നമസ്‌കരിച്ച് അമ്മാറക്കൽ വലംവെച്ച് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി അക്കരെ കൊട്ടിയൂരിൽ നിന്നും പടിഞ്ഞാറെ നടവഴി ഇടബാവലി കടന്ന് ഇക്കരെ കടന്നു.തിരുവഞ്ചിറയിലെ പ്രദക്ഷിണവഴിയിൽ വച്ച് ഊരാളന്മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും ഭക്തജനങ്ങളുമെല്ലാം ആനകൾക്ക് നിവേദ്യവും മധുരപലഹാരങ്ങളും നൽകി യാത്രയാക്കിയപ്പോൾ ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കാണ് യാഗഭൂമി സാക്ഷ്യം വഹിച്ചത്. ആനകൾ വിടവാങ്ങിയതോടെ സ്ത്രീകളും ബാവലി കടന്ന് ഇക്കരെയെത്തി. ശീവേലിയോടെ വിശേഷവാദ്യങ്ങളും അരങ്ങൊഴിഞ്ഞു. പകരം രാത്രിയിൽ അസുരതാളങ്ങളാണ് മുഴങ്ങുന്നത്. നീരെഴുന്നള്ളത്തോടെ സജീവമായ സന്നിധാനം യാഗോത്സവത്തിന്റെ സമാപനച്ചടങ്ങുകളിലേക്ക് പ്രവേശിച്ചു.
കലശപൂജയ്ക്കാവശ്യമായ കലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിലുള്ള 12 പേരാണ് എഴുന്നള്ളിച്ച് കൊണ്ടുവന്നത്.കുലാലയ സ്ഥാനികനായ നല്ലൂരാൻ മുഴക്കുന്ന് നല്ലൂർ ദേശത്തു നിന്നും വ്രതനിഷ്ഠയോടു കൂടി നിർമ്മിച്ച കലങ്ങളാണ് കാൽനടയായി കൊട്ടിയൂരിലേക്ക് എഴുന്നളളിച്ച് കൊണ്ട് വന്നത്.സന്ധ്യയോടെ ഗണപതിപ്പുറത്തെത്തി വിശ്രമിച്ച ശേഷം ആരും കാണാതെ ഇരുട്ടിലൂടെ നടന്നാനാണ് അക്കരെ കൊട്ടിയൂരിലെത്തി കലങ്ങൾ സമർപ്പിച്ചത്. വഴിനീളെയുള്ള വൈദ്യുത വിളക്കുകൾ അണച്ചും വാഹനങ്ങൾ നിയന്ത്രിച്ചും ജാതിമതഭേദമെന്യേ ആബാലവൃദ്ധംജനങ്ങളും കലം എഴുന്നള്ളത്തിൽ പങ്കുചേർന്നു.
ഇന്നലെ വൈകന്നേരം ആയിരംകുടം അഭിഷേകം കഴിഞ്ഞ് ബ്രാഹ്മണർ കലംവരവും കാത്ത് തിടപ്പള്ളിയിൽ ധ്യാനനിരതരായി ഇരുന്നു.കലംവരവ് സമയത്ത് മണിത്തറയിലെയും വാളറയിലെയും ദീപങ്ങൾ പ്രകാശിച്ചിരുന്നതൊഴിച്ചാൽ സന്നിധാനവും അന്ധകാരത്തിലായിരുന്നു.കലശക്കെട്ടുകൾ സമർപ്പിച്ച് മണിത്തറയിലെത്തിയ നല്ലൂരാൻ സ്ഥാനികർക്ക് പുറംതിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണൻ പ്രസാദം നൽകി. കലങ്ങൾ കരിമ്പനക്കൽ ചാത്തോത്ത് കയ്യാലയിൽ സൂക്ഷിച്ചു. മകം, പൂരം, ഉത്രം എന്നീ നാളുകളിൽ രാത്രിയാണ് കലശപൂജ നടക്കുക. നിഗൂഢ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനാൽ ആർക്കും ഈ സമയങ്ങളിൽ സന്നിധാനത്ത് പ്രവേശനം അനുവദിക്കില്ല.
ഇന്നലെ മകം കലംവരവായതു കൊണ്ട് രാവിലെ മുതൽ തന്നെ അക്കരെ കൊട്ടിയൂരിലേക്ക് നിലയ്ക്കാത്ത തീർത്ഥാടക പ്രവാഹമായിരുന്നു. പെരുമാളെ ദർശിക്കാൻ ഇന്നലെ ഉച്ചശീവേലിവരെയാണ് സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ ആയിരക്കണക്കിന് ഭക്തജനങ്ങൾ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. 12 ന് അത്തം ചതുശ്ശതവും വാളാട്ടവും നടക്കും. 13 ന് തൃക്കലശ്ശാട്ടോടെ വൈശാഖോത്സവം സമാപിക്കും.