ട്രോളിംഗ് നിരോധന കാലയളവ് കാലാവസ്ഥയ്ക്ക് അനുസരിച്ച് പരിഷ്‌കരിക്കണം
ചെറുവത്തൂർ: കാലാകാലമായി ജൂൺ ആരംഭത്തിൽ തന്നെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ഇത്തവണ ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. കാലവർഷക്കാലത്ത് ഏർപ്പെടുത്തേണ്ട ട്രോളിംഗ് നിരോധനം കാലവർഷം തുടങ്ങുന്നതിനുമുന്നേ തുടങ്ങുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കാലവർഷം ആരംഭിക്കാതിരുന്നിട്ടും മുൻകാലങ്ങളിൽ നടത്തിവരുന്ന അതേ തീയ്യതികളിൽ നിരോധനം നടപ്പിലാക്കുന്നത് അശാസ്ത്രീയമാണെന്നും കാലാവസ്ഥ വ്യതിയാനത്തിനുസരിച്ച് ഇതിൽ മാറ്റം വരത്തേണ്ടത് ആവശ്യമാണെന്നും മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നു.
ഈ വർഷം ജൂൺ പത്തായിട്ടും കാലവർഷം ആരംഭിച്ചിട്ടില്ല. മഴ പെയ്യാൻ തുടങ്ങിയാൽ മാത്രമെ മത്സ്യ കൂട്ടങ്ങൾ തീരത്തേക്ക് എത്തുമെന്നിരിക്കെ, ഇന്നലെ ആരംഭിച്ച ട്രോളിംഗ് നിരോധനം കൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടാകാൻ ഇടയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ജൂൺ ആദ്യ ദിവസങ്ങളിൽ കാലവർഷം ആരംഭിച്ചിരുന്ന കഴിഞ്ഞ കാലങ്ങളെ വിലയിരുത്തിയാണ് ജൂൺ പത്ത് മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുവെ മത്സ്യസമ്പത്ത് കുറഞ്ഞ സമയത്ത്, മഴക്കാലം ആരംഭിക്കാതെ തന്നെ പ്രജനനത്തിന്റെ പേരിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളെ കൂടുതൽ വിഷമത്തിലാക്കുമെന്നാണ് അവർ പറയുന്നത്.
52 ദിവസത്തെ നിരോധനം ജൂലൈ 31 വരെ നീണ്ടുനിൽക്കും. മറ്റു തൊഴിൽ മേഖലകളിൽ പ്രാവീണ്യമില്ലാത്ത മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇനി വറുതിയിലേക്ക് നീങ്ങുമെന്നതിനാലാണ് ട്രോളിംഗ് നിരോധനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ട്രോളിംഗ് നിരോധനം
മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിൽ നിയമം മൂലം ഏർപ്പെടുത്തിയതാണ് ട്രോളിംഗ് നിരോധനം. കാലവർഷം ശക്തപ്രാപിക്കുമ്പോഴാണ് മത്സ്യങ്ങൾ മുട്ടയിടാൻ തീരത്തോടടുക്കുന്നത്. ഈ സമയത്ത് കരയിൽ നിന്നും12 നോട്ടിക്കൽ മൈൽ ഉള്ളിൽ നിന്നും പ്രജനനത്തിനായി എത്തുന്ന മത്സ്യകൂട്ടങ്ങളെ മുട്ടയോടെയും കുഞ്ഞുങ്ങളോടെയും പിടികൂടുന്നത് വംശനാശ ഭീഷണി നേരിടുമെന്നതിനാലാണ് യന്ത്രവൽകൃത ബോട്ടുകളുടെ ട്രോളിംഗ് തീരക്കടലിൽ നിരോധിച്ചത്.
ട്രോളിംഗ് നിരോധനം മൂലം മടക്കര തുറമുഖത്ത് നിർത്തിയിട്ട ബോട്ടുകൾ