കണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഏളക്കുനി കുഞ്ഞിരാമൻ(100) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
1942ൽ കുറ്റിക്കകം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച മൂന്നംഗ കമ്മ്യൂണിസ്റ്റ് പാർട്ടി സെൽ സെക്രട്ടറിയായിരുന്ന ഏളക്കുനി കുഞ്ഞിരാമൻ മരിക്കുമ്പോൾ സി. പി. ഐ. എടക്കാട് ബ്രാഞ്ച് അംഗമായിരുന്നു. മൊയാരത്ത് ശങ്കരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ പ്രയത്നിച്ചു. നിരോധനം ഉൾപ്പെടെ നേരിടേണ്ടിവന്ന ഘട്ടങ്ങളിലും ചങ്കുറപ്പോടെ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രയത്നിച്ചു. 1948 മെയ് 11ന് മൊയാരത്ത് ശങ്കരനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഏളക്കുനി കുഞ്ഞിരാമന് രണ്ട് മാസക്കാലം പൊലീസുകാരുടെ ഭീകരമർദ്ദനം അനുഭവിക്കേണ്ടിവന്നു.
അറസ്റ്റിലായ സമയത്ത് ചൊവ്വ വെസ്റ്റ്കോസ്റ്റ് കൈത്തറിമില്ലിൽ നല്ലിചുറ്റു തൊഴിലാളിയായിരുന്നു കുഞ്ഞിരാമൻ. പൊലീസുകാരുടെ ക്രൂരപീഢനത്തിന്റെ അവശതകളും പേറിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. 1962ൽ പാർട്ടി പ്രവർത്തകർ ചേർന്ന് സംഭാവനയെടുത്ത് അദ്ദേഹത്തെ ബംഗ്ലൂരുവിൽ കൊണ്ടുപോയാണ് ചികിത്സിപ്പിച്ചത്. അവശതകളും ശാരീരിക വിഷമതകളും ഏറെയുണ്ടെങ്കിലും, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ കുഞ്ഞിരാമൻ എത്തിയിരുന്നു.
ഭാര്യ: പരേതയായ കൗസു. മക്കൾ: രവീന്ദ്രൻ, രമണി, രഘൂത്തമൻ, പരേതനായ രമേശൻ. മരുമക്കൾ: ലസിത, രാഗിണി. സഹോദരൻ: ഗോവിന്ദൻ.