പരിശോധന നടക്കുന്ന സംസ്ഥാനത്തെ ഏക ജില്ലാആശുപത്രി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ മൂന്നു ദിവസം നീളുന്ന ദേശീയ ഗുണനിലവാര പരിശോധന (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം) തുടങ്ങി. കേന്ദ്ര ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഈ പരിശോധന നടക്കുന്ന സംസ്ഥാനത്തെ ഏക ജില്ലാആശുപത്രിയാണ് കാഞ്ഞങ്ങാട്ടേത്.

എല്ലാ വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം ഇനങ്ങളിൽ പരിശോധന നടക്കും. പരിശോധനയിൽ നിശ്ചിത നിലവാരം പുലർത്തുന്നതിൽ വിജയിച്ചാൽ ഒരു കിടക്കയ്ക്ക് പത്തായിരം രൂപ തോതിൽ നാല്പത് ലക്ഷം രൂപ കേന്ദ്രസർക്കാരിൽ നിന്ന് പ്രതിവർഷ ഗ്രാന്റ് ലഭിക്കും. നാനൂറ് കിടക്കകളാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ ഉള്ളത്.

സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ അമ്പതുലക്ഷം രൂപയുടെ 'കായകൽപ' പുരസ്‌കാരം ഈയിടെ ജില്ലാ ആശുപത്രിക്ക് ലഭിച്ചിരുന്നു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി. ദിനേശ്കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സ്റ്റാൻലി, ആർ.എം.ഒ ഡോ.റിജിത്ത് കൃഷ്ണൻ, സംസ്ഥാന ആരോഗ്യവകുപ്പിലെ ഡോ. അംജിത്ത് കുട്ടി, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ ലിബിയ സിറിയക് എന്നിവർ സംബന്ധിച്ചു. ഡോ. മുഹമ്മദ് റിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു

ഗുണനിലവാര പരിശോധനയിൽ വിജയിച്ചാൽ അത് ജില്ലാ ആശുപത്രിയുടെ വൻവികസനത്തിനു വഴിയൊരുക്കും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ