കൂത്തുപറമ്പ്: കുറ്റകൃത്യങ്ങൾ കുറക്കുന്നതിനായി കൂത്തുപറമ്പ് ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി. കാമറകൾ ലക്ഷ്യം കാണുന്നു. കാമറകൾ സ്ഥാപിച്ച ശേഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായത്. കാമറകൾ സ്ഥാപിച്ച് ഒരാഴ്ച്ചയ്ക്കകം തന്നെ നൂറോളം നിയമ ലംഘനങ്ങൾക്കെതിരെ അധികൃതർ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

മേയ് 31 മുതലാണ് ടൗണിൽ സി.സി.ടി.വി. കാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. പ്രധാന കവലകളും, ആളുകൾ ഒത്തുകൂടുന്ന കേന്ദ്രങ്ങളുമെല്ലാം കാമറക്കണ്ണിനുള്ളിലാക്കിയായിരുന്നു. ടൗണിന്റെ സ്പന്ദനങ്ങളെല്ലാം യഥാസമയം കാണാവുന്ന തരത്തിൽ പൊലീസ് സ്റ്റേഷനിൽ ബിഗ്‌സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ 24 മണിക്കൂറും കാമറകൾ നിരീക്ഷിക്കുന്നതിന് പൊലീസുകാർക്ക് ചുമതലയും നൽകിയിട്ടുണ്ട്.

കാമറകൾ സ്ഥാപിച്ച് ഒരാഴ്ച്ചകം തന്നെ വാഹനങ്ങൾ നടത്തിയ നൂറോളം നിയമ ലംഘനങ്ങളാണ് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പലതിലും വൻതുക പിഴ ചുമത്തിയപ്പോൾ ചില കേസുകളിൽ താക്കീത് നൽകി വിടുകയായിരുന്നു പൊലീസ് അധികൃതർ. അതോടൊപ്പം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന പോക്കറ്റടി സംഘത്തെയും പൂവാലന്മാരെയും പിടികൂടാനും ചുരുങ്ങിയ കാലം കൊണ്ട് പൊലീസിന് സാധിച്ചിട്ടുണ്ട്.

കാമറകൾ സ്ഥാപിച്ച ശേഷം കുറ്റകൃത്യത്തിലുണ്ടായ ഗണ്യമായ കുറവാണ് പൊലീസിനുണ്ടായ വലിയ ആശ്വാസം. മുൻകാലങ്ങളിൽ ദിവസം തോറും ഒന്നിലധികം ക്രിമിനൽ കേസുകൾ കൂത്തുപറമ്പ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അപൂർവ്വമായിരിക്കയാണ് ക്രിമിനൽ കേസുകൾ. ടൗൺ പരിധിക്കുള്ളിലെ വാഹനാപകടങ്ങൾ കുറച്ച് കൊണ്ടുവരാനും കാമറ നിരീക്ഷണത്തിലൂടെ പൊലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ ടൗണിന് പുറത്ത് അപകടങ്ങൾ വർദ്ധിച്ചു വരുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കയാണ്.