കൊട്ടിയൂർ: പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതരെ നോക്കുകുത്തിയാക്കി കണ്ണൂർ ജില്ലയിലെ അതീവപരിസ്ഥിതി ലോല പ്രദേശമായ പാൽച്ചുരം ആശ്രമം ജംഗ്ഷനു സമീപം അനധികൃത റിസോർട്ട് നിർമ്മാണം തകൃതി.ആശ്രമം ജംഗ്ഷന് സമീപം ലങ്കയിലാണ് മല തുരന്നും ജലാശയം നികത്തിയും ജനുവരിയിൽ നിർമാണം തുടങ്ങിയത്. എട്ട് ഏക്കർ സ്ഥലത്തു റിസോർട്ടുകളും ആയുർവേദ മസാജിംഗ് സെന്ററുകളുമാണ് ഉയരുന്നത്.
ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഉയർത്തിയ പ്രതിഷേധം തണുത്തതോടെ നിർമ്മാണം ഊർജ്ജിതമായിട്ടുണ്ടിപ്പോൾ.
കുന്നിനു കുറുകെ കിലോമീറ്ററുകളോളം റോഡു നിർമ്മിക്കായിരുന്നു ആദ്യം. പിന്നീട് കെട്ടിട നിർമാണവും തുടങ്ങി. റിസോർട്ടിന് ഒരനുമതിയും നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.എന്നാൽ ഇവർക്ക് ആരാണ് അനുമതി നൽകിയെന്നത് ഇപ്പോഴും ദുരൂഹമാണ് .
പുഴയുടെയും തോടിനും കുറുകെ നടക്കുന്ന നിർമാണത്തിനെതിരെ നടപടി ആര് എടുക്കണമെന്ന കാര്യത്തിൽ റവന്യു,പഞ്ചായത്ത് വകുപ്പുകൾ തമ്മിൽ ഇവിടെ തർത്തിലാണ്. പഞ്ചായത്തിന്റെയും വില്ലേജിന്റെയും സ്റ്റോപ് മെമ്മോക്കു പുല്ലുവില കല്പിച്ചാണ് ഇവിടെ കുന്നിടിച്ചു നിരത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മൂന്നുഭാഗവും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഇവിടെ ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമ്മിച്ചിട്ടുമുണ്ട്.
കഴിഞ്ഞ പ്രളയത്തിലടക്കം ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിനടുത്താണ് ഇപ്പോഴത്തെ നിർമ്മാണ്. പാൽച്ചുരം വെള്ളച്ചാട്ടത്തിലേക്കു നേരത്തേ തന്നെ സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ വഴിയുണ്ടായിരുന്നു. ഈ സ്വകാര്യവഴി വീതികൂട്ടി നിർമിച്ച് അധികൃതരുടെ അനുമതി വാങ്ങാതെയാണു ബാവലിപ്പുഴയ്ക്കു കുറുകെ പാലം നിർമിച്ചിട്ടുള്ളത്.
കൊട്ടിയൂർ സോയിൽ പൈപ്പിംഗ് ഭീഷണിയിലാണ്
കഴിഞ്ഞ പ്രളയത്തിനു ശേഷം കൊട്ടിയൂർ പഞ്ചായത്തിലാകെ കെട്ടിടനിർമാണ നിരോധനമേർപ്പെടുത്തിയിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം അതു നീക്കി. എന്നാൽ ഭൂമിയ്ക്കടിയിൽ മണ്ണ് ഒലിച്ചുനീങ്ങുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസമുണ്ടായ മേഖല എന്ന നിലയിൽ വൻകിട നിർമാണങ്ങൾക്ക് ഇപ്പോഴും കൊട്ടിയൂർ പഞ്ചായത്തിൽ അനുമതിയില്ല. 45 ഡിഗ്രി ചെരിവുള്ള ഈ മേഖലയിൽ മഴക്കുഴി പോലും നിർമിക്കാൻ പാടില്ലെന്നും ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കണമെന്നുമാണു പ്രളയത്തിനു ശേഷം ഇവിടെ പഠനം നടത്തിയ സെന്റർ ഫോർ എൻവയേർമെന്റ് സ്റ്റഡീസ് അധികൃതർ റിപ്പോർട്ട്. അഞ്ച് മാസമായി നടത്തുന്ന റിസോർട്ട് നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ജില്ലാ ടൗൺ പ്ളാനിംഗ് ഓഫീസിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ചാണ്.എന്നാൽ ടൗൺ പ്ളാനിംഗ് ഓഫീസിൽ നിന്ന് അനുമതിയില്ലാതെയാണ് ഇവിടത്തെ നിർമ്മാണം.
സമരവഴിയൊരുങ്ങുന്നു
പാൽച്ചുരത്ത് നടക്കുന്ന അനധികൃത റിസോർട്ട് നിർമാണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനും നിയമനടപടികൾക്കും ഒരുങ്ങുകയാണ് പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും. ഹരിതട്രിബ്യൂണൽ, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുന്നതോടൊപ്പം ജനകീയ ഒപ്പുശേഖരണവും നടത്തുന്നുണ്ട്. മഴക്കാലം തുടങ്ങിയതോടെ അടിവാരത്ത് താമസിക്കുന്ന മേലെ പാൽച്ചുരം കോളനിവാസികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മിറ്റി നിർമ്മാണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പരിഷത്ത് പേരാവൂർ മേഖലാ സെക്രട്ടറി കെ.. വിനോദ് കുമാർ, എം..വി.. മുരളീധരൻ, കൊട്ടിയൂർ മേഖലാ യൂണിറ്റ് സെക്രട്ടറി ഒ.. എം.. കുര്യാച്ചൻ, ഇ.ജെ.. ആഗസ്തി, വിശ്വംഭരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. 45 ഡിഗ്രി ചെരിവുള്ള മേഖലയിൽ മഴക്കുഴി പോലും പാടില്ല