കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) സംസ്‌ഥാനത്തെ 30 പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കിയ നഷ്‌ടം 232.92 കോടി രൂപ. ഒരുവർഷം സർക്കാർ മുന്നൂറു കോടിയോളം രൂപ ധനസഹായം നൽകുമ്പോഴും നഷ്‌ടത്തിൽ മുങ്ങിത്താഴുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷനാണ് നഷ്‌ടക്കണക്കിൽ മുന്നിൽ; 32.61 കോടി രൂപ. കെൽപാമിലാണ് ഏറ്റവും കുറഞ്ഞ നഷ്‌ടം; 16 ലക്ഷം രൂപ.
നഷ്‌ടക്കണക്കിൽ സ്‌പിന്നിംഗ് മില്ലുകളും പിന്നിലല്ല. ഹാൻടെക്‌സ്, ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽ ലിമിറ്റഡ്, ദി മലപ്പുറം കോ- ഓപ്പറേറ്റീവ് സ്‌പിന്നിംഗ് മിൽ ലിമിറ്റഡ്, സീതാറാം ടെക്‌സ്‌റ്റൈൽസ് ലിമിറ്റഡ്, പ്രിയദർശിനി കോ- ഓപ്പറേറ്റീവ് മിൽ, മലബാർ കോ- ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈൽസ്, ആലപ്പി കോ- ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈൽസ്, ദി ക്വയിലോൺ കോ- ഓപ്പറേറ്റീവ് സ്‌പിന്നിംഗ് മിൽ, ദി കാനന്നൂർ കോ- ഓപ്പറേറ്റീവ് സ്‌പിന്നിംഗ് മിൽ ലിമിറ്റഡ് തുടങ്ങിയവ നഷ്‌ടങ്ങളുടെ പട്ടികയിലാണ്.
വൈവിദ്ധ്യവത്കരണവും ചെലവ് പരിമിതപ്പെടുത്തിയും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ് നഷ്‌ടങ്ങളുടെ പട്ടിക നീളുന്നത്. സർക്കാർ നേരിട്ട് യാതൊരു മാനദണ്ഡവും പാലിക്കാതെ നിയമിച്ച മാനേജിംഗ് ഡയറക്‌ടർമാരുടെ വ്യാപക അഴിമതിയും ധൂർത്തുമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വലിയ നഷ്‌ടത്തിൽ എത്തിച്ചിരിക്കുന്നതെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
താത്പര്യക്കാരെ നിയമിക്കാനായി യോഗ്യതയ്ക്ക് അനുസരിച്ച് അനാവശ്യ തസ്‌തിക ഉണ്ടാക്കി നിയമനം നടത്തുന്നതും വ്യാപകമായി പുതിയ നിയമനങ്ങൾ നടത്തുന്നതും സ്ഥാപനങ്ങളെ അധിക സാമ്പത്തിക ബാദ്ധ്യതകളിലേക്ക് തള്ളിവിടുകയായിരുന്നു.
കർമ്മപദ്ധതികളും ഫലം കണ്ടില്ല
നഷ്‌ടത്തിലായ സംസ്ഥാനത്തെ സ്‌പിന്നിംഗ് മില്ലുകളെ നേർവഴിക്ക് കൊണ്ടുവരാൻ വ്യവസായ വകുപ്പ് പ്രത്യേകം കർമ്മപദ്ധതികൾ തയ്യാറാക്കിയെങ്കിലും ഫലം കണ്ടില്ല. ഇടനിലക്കാരുമായുള്ള ഒത്തുകളി അവസാനിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടിരുന്നത്. ഏജന്റുമാർക്ക് അനധികൃത ശാഖ അനുവദിക്കുന്നതിനും ഇടനിലക്കാർവഴി കോട്ടൺ വാങ്ങുന്നതിനും നൂലുവിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്നും വ്യവസായവകുപ്പ് നിർദേശിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു നിയമനങ്ങളും പാടില്ലെന്നും നിർദ്ദേശിച്ചിരുന്നു. സഹകരണ സ്‌പിന്നിംഗ് മില്ലുകൾ, ഇന്റഗ്രേറ്റഡ് പവർലൂം സംഘങ്ങൾ എന്നിവിടങ്ങളിൽ സ്‌റ്റോർ പർച്ചേസ് നിയമങ്ങൾക്ക് വിധേയമായി മാത്രമേ അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുകയോ ഉത്പന്നങ്ങൾ വിൽക്കുകയോ ചെയ്യാൻ പാടൂള്ളൂവെന്നും നിർദേശമുണ്ടായിരുന്നു.
''നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അഴിമതിയും ധൂർത്തും നിയന്ത്രിച്ച് വിറ്റുവരവ് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകും""
ഇ.പി. ജയരാജൻ,
വ്യവസായ മന്ത്രി
നഷ്‌ടക്കണക്ക് ഇങ്ങനെ
(കമ്പനിയും തുകയും - തുക കോടി രൂപയിൽ)
കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ - 32.61
മലബാർ സിമന്റ്സ് - 19.87
ഓട്ടോ കാസ്‌റ്റ് - 10.85
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി - 16.35
ദി ട്രാവൻകൂർ സിമന്റ്സ് - 11.05
ട്രാക്കോ കേബിൾ കമ്പനി - 6.66
കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 5.30
കേരള ഓട്ടോമൊബൈൽസ് - 4.56
യുണൈറ്രഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് - 5.41
സീതാറാം ടെക്‌സ്‌റ്റൈൽസ് - 6.39