mc-josaphine

കണ്ണൂർ: രമ്യ ഹരിദാസിന്റെ പേര് കേട്ടപ്പോൾ തന്നെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന് കലി കയറി. ''ആ കാര്യം കഴിഞ്ഞതാണ്.'' - അവർ പറഞ്ഞു. നിയുക്ത എം.പി രമ്യ ഹരിദാസ് എ. വിജയരാഘവനെതിരെ നൽകിയ പരാതിയിൽ വനിതാ കമ്മിഷൻ ഇടപെട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്‌ ജോസഫൈൻ മാദ്ധ്യമങ്ങളോട് കയ‌ർത്തത്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അവർ പറഞ്ഞു. ആവശ്യമായ സമയത്ത് വ്യക്തമായ മറുപടി ഇക്കാര്യത്തിൽ പറഞ്ഞിട്ടുണ്ട്. അതത് ജില്ലകളിലെ കാര്യങ്ങളാണ് സിറ്റിംഗിൽ മാദ്ധ്യമങ്ങൾ ചോദിക്കേണ്ടത്. വനിതാ കമ്മിഷനുമേൽ രാഷ്ട്രീയ സമ്മർദ്ദമൊന്നുമില്ല. സ്ത്രീകളുടെ കാര്യത്തിൽ കമ്മിഷൻ ഇനിയും ഇടപെടുമെന്നും ജോസഫൈൻ പറഞ്ഞു.

വിജയരാഘവൻ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടില്ലെന്ന പരാതി രമ്യ ഹരിദാസ് ഉന്നയിച്ചപ്പോൾ ഇത്തരം പരാതികൾ പബ്ളിസിറ്റിക്കു വേണ്ടിയാണെന്ന്‌ ജോസഫൈൻ ആരോപിച്ചിരുന്നു.