കാസർകോട്: വായുവിലൂടെ പകർന്ന് മനുഷ്യശരീരത്തെ ക്ഷയിപ്പിക്കുന്ന ക്ഷയരോഗത്തിന് പ്രതിരോധം തീർക്കാൻ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദൃശ്യാവിഷ്‌കാരമൊരുങ്ങുന്നു. 'ക്ഷയരോഗം നിയന്ത്രിക്കാൻ സമയമായി' എന്ന ഹൃസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു നിർവഹിച്ചു.
ക്ഷയരോഗത്തിനെതിരേ പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന ലളിതമായ പ്രായോഗിക മാർഗങ്ങളാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ വിശദമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി പി.ടി ഉഷയും ചിത്രത്തിലെത്തുന്നുണ്ട്. 2022 ഓടു കൂടി ലോകത്ത് 40 മില്ല്യൻ ജനങ്ങളെ ക്ഷയരോഗത്തിന് ചികിൽസികേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വായുവിലൂടെ പകരുന്ന രോഗങ്ങളെ ജനങ്ങൾ നിസാരമായി കാണുന്ന ചെറിയ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയാണ് അഞ്ച് മിനുട്ടു ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ കൈ കഴുകുന്നതിന്റെ എട്ടു രീതികൾ ലളിതമായി അവതരിപ്പിക്കുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് അനാരോഗ്യകരമായ ശീലവും പൂർണ്ണമായും ഒഴിവാക്കേണ്ടതുമാണ്. പുകവലിയും പാസിവ് സ്‌മോക്കിംഗും സമൂഹത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇത് തടയാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന സന്ദേശങ്ങൾ ചിത്രത്തിലുണ്ട്.
ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അഷ്‌റഫാണ് ചിത്രം നിർമ്മിക്കുന്നത്. ആശയം, അവതരണം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. വിനുരാജ്, ഛായാഗ്രഹണം ഷിനോജ് ചാത്തങ്കൈ, എഡിറ്റിംഗ് ജെ.എച്ച്.ഐ രാജേഷും, മ്യൂസിക് ജെ.എച്ച്.ഐ ഭാസ്‌കരനും നിർവഹിക്കുന്നു. ചിത്രത്തിൽ ക്ഷയരോഗ വിരുദ്ധ സന്ദേശവുമായി ജില്ലാ ടിബി ഓഫീസർ ഡോ. ടി.പി ആമിനയും ജനപ്രതിനിധികളും എത്തുന്നുണ്ട്. ജൂലൈ ആദ്യവാരത്തിൽ ചിത്രം റിലീസ് ചെയ്യും.
പി.ടി ഉഷയും ഹൃസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചിത്രീകരണത്തിനിടെ