സംസ്ഥാനത്ത് നിലവിലുള്ളത് 6
പുതുതായി വരുന്നത് 60
കാസർകോട്ട് 3
കാസർകോട്: കുട്ടികളും പൊലീസുകാരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ വരുന്നു. സംസ്ഥാനത്ത് നിലവിൽ ആറ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളാണുള്ളത്. പുതിയതായി അറുപതോളം പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് കുട്ടികളുടെ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇതിനാവശ്യമായ കെട്ടിടം പണികൾ തുടങ്ങി കഴിഞ്ഞു. നിലവിലുള്ള പൊലീസ് സ്റ്റേഷൻ കൊട്ടിടങ്ങളുമായി ചേർന്ന് പ്രത്യേകം കെട്ടിടം തന്നെ പണിയുന്നുണ്ട്. കാസർകോട് ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാകാറായി. കാസർകോട് ടൗൺ സി.ഐ ഓഫീസിന് സമീപം 750 സ്‌ക്വയർ ഫീറ്റിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
പൊലീസും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനുമാണ് ഇങ്ങനെയൊരു പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കുറ്റവാസനയുള്ള കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും ഉത്തമപൗരൻമാരായി വാർത്തെടുക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനിൽ നടത്തും. കുട്ടികളുടെ അമ്മമാർക്കും പൊലീസ് സ്റ്റേഷനിൽ എത്തി പരാതികൾ ബോധിപ്പിക്കാനുള്ള അവസരവുമുണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് ഓഫീസർമാരും രക്ഷിതാക്കളും ചേർന്നിരുന്നു ചർച്ച നടത്തി പരിഹരിക്കുന്നതിന് ഇത്തരം പൊലീസ് സ്റ്റേഷനുകൾ ഉപകരിക്കും.
വളർന്നുവരുന്ന തലമുറയെ 'ക്രിമിനൽ മൈൻഡിൽ' നിന്ന് പുറത്തെത്തിച്ച് നല്ല പൗരന്മാരായി മാറ്റാനുള്ള വഴിയൊരുക്കലാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുവേണ്ടി കാസർകോട്ട് പണിയുന്ന കെട്ടിടം