കണ്ണൂർ : എ.പി. അബ്ദുള്ളക്കുട്ടിക്ക് പകരക്കാരനായി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട സി.പി.എം വിമതൻ സി.ഒ.ടി. നസീറിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കം സജീവം. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്ത നസീറിന് കോൺഗ്രസ് നേതൃത്വം നേരത്തേ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നസീർ ഇതുസംബന്ധിച്ച് മനസ് തുറന്നില്ല. നിയുക്ത എം.പിമാരായ കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവർ നസീറിനെ ആശുപത്രിയിലും വീട്ടിലും സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
കേസിൽ ആരോപണ വിധേയനായ എ.എൻ. ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ തലശേരിയിൽ ഉപവാസ സമരവും നടത്തും. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ നിയമസഭ ബഹിഷ്കരിച്ചിരുന്നു.
തലശേരിയിലെ ഇടത് കേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനമുള്ള നേതാവായ സി.ഒ.ടി. നസീറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനായാൽ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഷുഹൈബ് വധത്തിന് ശേഷം ജില്ലയിൽ സി.പി.എമ്മിനെതിരെ കോൺഗ്രസ് ഏറ്റെടുക്കുന്ന പ്രധാന രാഷ്ട്രീയ പ്രചാരണമാണ് നസീർ വധശ്രമം. രാഷ്ട്രീയമായി എല്ലാ രീതിയിലും സി.പി.എമ്മിനെതിരെ വിഷയം ഉപയോഗിക്കാനാണ് കോൺഗ്രസ് തീരുമാനം.
തലശേരിയിലെ കോൺഗ്രസ് നേതൃത്വത്തിന് മുസ്ലിം സമുദായത്തിൽ നിന്ന് നല്ല ഒരു നേതാവില്ല. നസീർ കോൺഗ്രസിലെത്തിയാൽ ഇതിന് ഒരു പരിഹാരം കാണാൻ കഴിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.