കൂത്തുപറമ്പ്: ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ ടി.എം.ടി.ചിട്ടിക്കമ്പനിക്കെതിരായ അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്.ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ടി.എം.ടി.ചിട്ടി കമ്പനിയാണ് ആയിരക്കണക്കിന് ഇടപാടുകാരെ കബളിപ്പിച്ച് ഏതാനും മാസം മുൻപ് മുങ്ങിയത്.

സംസ്ഥാനത്തെ 7 ജില്ലകളിലായി 33 ഓളം ബ്രാഞ്ചുകളാണ് ടി.എം.ടി.യുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്നത്. ചിട്ടികളിലൂടെ ശേഖരിച്ച 50 കോടിയോളം രൂപ ഇടപാടുകാർക്ക് നൽകാനുണ്ടെന്നാണ് ഏകദേശ കണക്ക്.

നോർത്ത് പറവൂർ സ്വദേശികളായ ടെൽസൺ തോമസ്, നെൽസൺ തോമസ് എന്നിവരുടെ കീഴിലായിരുന്നു ടി.എം.സി.യുടെ പ്രവർത്തനം. കഴിഞ്ഞ ഫെബ്രുവരിയോടെ ബ്രാഞ്ചുകളുടെ പ്രവർത്തനം നിർത്തിവച്ച ശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു. ജില്ലയിൽ കൂത്തുപറമ്പ് ,തലശ്ശേരി, വളപട്ടണം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി ആയിരത്തോളം പേർ വഞ്ചിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഇടപാടുകാരുടെ പരാതിയെ തുടർന്ന് കൂത്തുപറമ്പ് ,തലശ്ശേരി, വളപട്ടണം എന്നിവിടങ്ങളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഉടമകള കണ്ടെത്താനായിട്ടില്ല. ഇതിനിടയിൽ ടെൽസൺ തോമസും സെൽസൺ തോമസും രാജ്യം വിട്ടതായാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതോടെ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായവർ.