കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ നാല് പ്രധാന വലിയവട്ടളം പായസ നിവേദ്യങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശതം ഇന്ന് പെരുമാൾക്ക് നിവേദിക്കും.പായസ നിവേദ്യത്തിന് പുറമെ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും കൂത്ത് സമർപ്പണവും ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. അത്തം നാളിൽ പന്തീരടിക്ക് ശേഷം നടക്കുന്ന ശീവേലി അവസാനത്തെ ശീവേലിയായിരിക്കും. ഈ സമയത്ത് ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിയ വാളുകൾ കൊണ്ട് ഏഴില്ലക്കാരായ വാളശ്ശന്മാർ ദേവീദേവന്മാരെ ഉഴിയുന്നതാണ് 'വാളാട്ടം.'

അത്തം നാളിലാണ് ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കാൻ നിയുക്തരായ കുടിപതികൾ അമ്മാറക്കൽ തറയ്ക്കും പൂവറയ്ക്കും മധ്യേയുള്ള സ്ഥാനത്തെ ശിലയിൽ തേങ്ങയേറ് നടത്തുക. വടക്കോട്ട് തിരിഞ്ഞ് പ്രായക്രമമനുസരിച്ചാണ് തേങ്ങയേറ് നടത്തുന്നത്. രാത്രിയിൽ കലശപൂജയും നടക്കും. നാളെ നടക്കുന്ന തൃക്കലശ്ശാട്ടോടെ വൈശാഖ മഹോത്സവത്തിന് സമാപനമാകും.