മാഹി: മാഹിയിൽ നിന്ന് തലസ്ഥാനമായ പുതുച്ചേരിയിലേക്കുള്ള ബസ് യാത്ര നരകതുല്യമായി . പുതുച്ചേരിയിലുള്ള മാഹിക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും വ്യാപാരികളുമെല്ലാം വാഹനസൗകര്യത്തിന്റെ അഭാവം ശരിക്കും അനുഭവിച്ചറിയുകയാണിപ്പോൾ.നേരത്തേയുണ്ടായിരുന്ന രണ്ട് ബസുകളിലൊന്ന് ഇപ്പോൾ കടപ്പുറത്താണ്. .

മുമ്പ് രണ്ട് സെമി സ്ലീപ്പർ ബസുകളാണ് ഈ റൂട്ടിൽ ഓടിയിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് സേലത്തുണ്ടായ അപകടത്തിൽ അവയിലൊന്ന് തകർന്നതോടെ പകരം ഒരു ഓർഡിനറി ബസാണ് ഓടുന്നത്. പത്ത് വർഷത്തിലേറെ പഴക്കമുള്ള കണ്ടം ചെയ്യാറായ ഈ ബസിൽ യാത്ര ചെയ്യുന്ന ആൾ 640 കിലോമീറ്റർ സഞ്ചരിച്ച് പുതുച്ചേരിയിലെത്തുമ്പോൾ ഒരു പരുവത്തിലാകും. പ്രായമുള്ളവരാണെങ്കിൽ കാര്യം പറയുകയും വേണ്ട.
ഇടവിട്ട ദിവസങ്ങളിൽ മാത്രം ബസ്സ് ഓടുന്നതിനാൽ യാത്രക്കാർ കോയമ്പത്തൂർ, സേലം, വിഴിപ്പുറം വഴി പല ബസുകൾ കയറിയാണ് ദുരിതം പേറി പുതുച്ചേരിയിലെത്തുന്നത്.
പുതുച്ചേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് നിത്യേന ബസ് സർവീസുണ്ട്. അത് മാഹിയിലേക്ക് നീട്ടിയാൽ മലബാറുകാർക്ക് തന്നെ അനുഗ്രഹമാകും.അന്തർ സംസ്ഥാന കരാർ അനുസരിച്ച് കേരള സർക്കാരിന് മാഹിയിൽ നിന്ന് പുതുച്ചേരിക്കും തിരിച്ചും കെ.എസ്.ആർ.ടി.സി.ബപ്പുകൾ ഓടിക്കാവുന്നതാണ്. ലാഭകരമായ ഈ റൂട്ടിൽ അതിനുള്ള ശ്രമങ്ങളും നടക്കുന്നില്ല.
പുതുച്ചേരിയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള കാരിക്കലിലേക്കും 160 കി.മി.ദൂരമുള്ള ബാംഗ്‌ളൂരിലേക്കും 260 കി.മി.കാരമുള്ള ചെന്നൈയിലേക്കും പി.ആർ.ടി.സി.യുടെ ലക്ഷ്വറി ബസുകളും വോൾവോകളുമാണ് സർവ്വീസ് നടത്തുന്നത്. എന്നാൽ 640 കി.മി. ദൈർഘ്യമുള്ള മാഹിയിലേക്ക് കണ്ടം ചെയ്യാറായ ഓർഡിനറി ബസും.

ആഴ്ച വണ്ടികൾ ആശ്വാസം
ആഴ്ചയിൽ വെള്ളിയാഴ്ചയും, ഞായറാഴ്ചയും ഓടുന്ന രണ്ട് ട്രെയിനുകളാണ് തെല്ല് ആശ്വാസം .ഇത് നിത്യേന ഓടിക്കുമെന്ന വാഗ്ദാനവും ജലരേഖകളായി.

ബസ് മാഹിയിൽ നിയന്ത്രണം പുതുച്ചേരിയിൽ

മാഹിയിലെ ലോക്കൽ സർവീസുകളുടെ ഓപ്പറേഷൻ പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് നടത്തുന്നത്. നടത്തിപ്പിലെ കെടുകാര്യസ്ഥതയും അധികൃതർ കാണിക്കുന്ന അനാസ്ഥയും കൂടിയാകുമ്പോൾ മാഹിക്കാർ ശരിയ്ക്കും അനുഭവിക്കുകയാണ്.


പുതുച്ചേരി ബസ് അടിയന്തിരമായും ഓടിക്കണം

മാഹി:നിത്യേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മാഹി പുതുച്ചേരി ബസ് നിത്യേന കാര്യക്ഷമമായി ഓടിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും പകരം ബസ് ഉടൻ അനുവദിക്കണമെന്നും ജനശബ്ദം മാഹി ഫാക്‌സ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ദീർഘദൂര അന്തർ സംസ്ഥാന റൂട്ടായിട്ടും ഓർഡിനറി ബസുകൾ ഓടിക്കുന്നത് യാത്രക്കാരോട് ചെയ്യുന്ന നീതികേടാണെന്നും ജനശബ്ദം കുറ്റപ്പെടുത്തി.