കാസർകോട്: കാലവർഷം തുടങ്ങുന്നതിന് മുമ്പ് ജില്ലയിലെ കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റി. ഭരണപക്ഷത്തെ ഉന്നതരുടെയും യൂണിയനുകളുടെയും സ്വാധീനം ഉപയോഗിച്ചാണ് പലരും സ്ഥലമാറ്റം സമ്പാദിച്ചതെന്നാണ് ആരോപണം. സ്വന്തം നാട്ടിലുള്ള വൈദ്യുതി ഓഫീസ് പ്രധാന ഓപ്ഷൻ വെച്ച് ഓൺലൈൻ അപേക്ഷ നല്കിയവർക്കെല്ലാം നിയമനം നൽകിയിട്ടുണ്ടെന്ന് പറയുന്നു. 30 ഓവർസിയർ, 20 സബ് എൻജിനീയർ, 35 ലൈൻമാൻമാർ എന്നിവരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. തെക്കൻ ജില്ലക്കാരായ ഉദ്യോഗസ്ഥരെയാണ് സ്വന്തം ജില്ലകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. ഇതിന് പകരം ആരെയും നിയമിക്കാത്തത് വൈദ്യുതി ഓഫീസുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാലവർഷം തുടങ്ങിയതോടെ വൈദ്യുതി ഓഫീസുകളിൽ പരാതികളുടെ പ്രളയമാണ്. ഫീൽഡിൽ തകരാറും മറ്റുംപരിശോധിക്കേണ്ട ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ മാറ്റിയിരിക്കുന്നത്. കാസർകോട് സെക്‌ഷൻ ഓഫീസിൽ തന്നെ നാല് ഓവർസിയർമാരെയും ഒരു സബ് എൻജിനീയറെയും രണ്ട് ലൈൻമാന്മാരെയുമാണ് മാറ്റിയിരിക്കുന്നത്. പതിനായിരക്കണക്കിന് ഉപഭോക്താക്കളുള്ള വൈദ്യുതി ഓഫീസുകളിൽ പോലും പകരം നിയമനം നടത്താതെ ജീവനക്കാരെ മാറ്റിയത് ഉദ്യോഗസ്ഥർക്കിടയിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രണ്ട് ദിവസം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെർക്കള വൈദ്യുതി സെക്‌ഷൻ ഓഫീസ് നാട്ടുകാർ ഉപരോധിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. പല വൈദ്യുതി ഓഫീസുകളിലും നാട്ടുകാരെത്തി ബഹളം സൃഷ്ടിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആവശ്യം. അതേസമയം ഓണലൈൻ ട്രാൻസ്ഫർ ആയത് കൊണ്ട് തിരുകിക്കയറ്റൽ ഒന്നും നടക്കില്ലെന്നും കൃത്യമായ നിയമനം നടക്കുമെന്നുമാണ് കെ. എസ്. ഇ. ബി അധികൃതർ പറയുന്നത്.

അടിയന്തിര നടപടിയുണ്ടാകും

സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ഒഴിവുകൾ നികത്താൻ അടിയന്തിര നടപടികൾ ഉണ്ടാകും. ചെറിയ ഏറ്റക്കുറച്ചിലുകൾ ചില സ്ഥലങ്ങളിൽ ഉണ്ടായേക്കും. ബോർഡിലെ സ്ഥലംമാറ്റം മുഴുവൻ നടത്തുന്നത് മാനദണ്ഡങ്ങൾ പാലിച്ചും ഓൺലൈൻ മുഖേനയുമാണ്. അതിനാൽ ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുകൾ ഒന്നും നടക്കില്ല
കെ സഹജൻ
അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ ഉദുമ