കൊട്ടിയൂർ: നാട്ടുകാരുടേയും പരിസ്ഥിതി സംഘടനകളുടെയും ശക്തമായ പ്രതിഷേധമുയർന്നതോടെ പാൽച്ചുരത്തെ അനധികൃത റിസോർട്ട്‌ നിർമ്മാണം നിർത്തിവച്ചു. പരിസ്ഥിതിലോല പ്രദേശത്ത് അനുവാദമില്ലാതെ നടന്നു വന്ന റിസോർട്ട് നിർമ്മാണത്തിന് കൊട്ടിയൂർ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതോടെയാണ് നിർമ്മാണം നിർത്തിവെക്കേണ്ടി വന്നത്. കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവർ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു നടപടി.

ആറളം വന്യജീവി സങ്കേതം വാർഡൻ എ.ഷജ്‌നയുടെ നേതൃത്വത്തിലുള്ള വനപാലകസംഘവും സ്ഥലം സന്ദർശിച്ചിരുന്നു. നിർമ്മാണത്തിന് അനുമതി നൽകുന്നതിന് മുമ്പായി വനപ്രദേശങ്ങൾക്ക് കോട്ടംതട്ടുന്നതോ വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം വരുന്ന രീതിയിലുള്ളതോ ആയ നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തിന് രേഖാമൂലം നിർദ്ദേശം നൽകുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

റിസോർട്ട് നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മിറ്റി ഭാരവാഹികൾ അനധികൃതമായി നടക്കുന്ന റിസോർട്ട് നിർമ്മാണം ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാരിസ്ഥിതിക ഭൗമ ശാസ്ത്ര വിഭാഗം പഠനം നടത്തിയതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളുവെന്നും പരിഷത്ത് പ്രവർത്തകർ പറഞ്ഞു.