മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ക്ഷേത്ര ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ പിൻബലത്തോടെ ക്ഷേത്രത്തിന്റെ വസ്തുവകകൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്ഷേത്രനടത്തിപ്പ് വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും ക്ഷേത്രം ഏറ്റെടുക്കുന്നത് എന്തു വിലകൊടുത്തും തടയുമെന്നും ക്ഷേത്ര ഐക്യവേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാണെന്നും എക്‌സിക്യുട്ടീവ് ഓഫീസറെ സർക്കാർ ചുമതലപ്പെടുത്തിയെന്നുമാണ് വിവരം. ഇത് സംബന്ധിച്ച് ക്ഷേത്രസമിതിക്ക് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിശ്വാസികളെ ചോദ്യം ചെയ്യുന്ന നിലപാടിനെതിരെ ക്ഷേത്രത്തിൽ നാമജപം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഭക്തജനങ്ങളുടെ സംഗമവും ജനറൽ ബോഡി യോഗവും ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഒരു ക്ഷേത്രവും ദേവസ്വം ബോർഡ് ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് ക്ഷേത്ര ഐക്യവേദിക്കുള്ളത്. മറ്റു ക്ഷേത്ര സമിതികളെയും വിശ്വാസികളെയും സമീപിച്ച് ഇത് സംബന്ധിച്ച പ്രചാരണം നടത്തും.
ക്ഷേത്ര ഐക്യവേദി പ്രസിഡന്റ് പി.മോഹനൻ, സെക്രട്ടറി എൻ.വിജയൻ, പി.വി.കുഞ്ഞിക്കൃഷ്ണൻ, കിണ്ട്യൻ ഭാസ്‌ക്കരൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.