തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ ഫുട്ബാളടക്കമുള്ള കായിക മേഖലയുടെ വളർച്ചക്ക് സുപ്രധാന പങ്കു വഹിച്ച ഇടയിലക്കാട്ടിലെ കോച്ച് വിശ്രമ ജീവിതം നയിക്കുന്ന എ. രാമകൃഷ്ണനെ തേടി നിയുക്ത എം പി രാജ്‌മോഹൻ ഉണ്ണിത്താനെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെ സ്ഥലത്തെത്തിയ അദ്ദേഹം ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിയുകയും അൽപ്പനേരം കുശലപ്രശനം നടത്തുകയും ചെയ്തശേഷം തിരിച്ചുപോയി. തൃക്കരിപ്പൂരിലെ ആദ്യകാല ഫുട്ബാൾ ക്ലബ്ബായ ബ്രദേഴ്സ് ക്ലബ്ബിന്റെ മുന്നേറ്റ നിരക്കാരനായി കഴിവ് തെളിയിച്ച രാമകൃഷ്ണൻ കായിക അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതോടെ , ഫുട്ബാൾ, കബഡി, ടെന്നക്കോയിറ്റ് എന്നീ ഗെയിമുകൾ പരിശീലിപ്പിക്കുക വഴി ഇന്ത്യൻ ഫുട്ബാളർ മുഹമ്മദ് റാഫിയടക്കം, കബഡിയിലും ടെന്നകോയിറ്റിലുമായി സംസ്ഥാന ദേശീയ പ്രതിഭകൾ ഉയർന്നുവരുന്നതിൽ ചാലകശക്തിയായി. കബഡിയുടെ എൻ. ഐ. എസ് കോച്ചായിരുന്നു .ദേശീയ കായികവേദിയുടെ കാസർകോട് ജില്ലാ പ്രസിഡൻ്റായും സേവനമനുഷിടിച്ചിട്ടുണ്ട്. യു. ഡി. എഫ് നേതാക്കളായ കെ. പി. സി. സി അംഗം കെ. വി. ഗംഗാധരൻ, ഡി. സി. സി വൈസ് പ്രസിഡൻ്റ് പി. കെ. ഫൈസൽ,പി കുഞ്ഞിക്കണ്ണൻ,ഒ.കെ വിജയൻ, കെ. സിന്ധു, പി. പി. ശാരദ തുടങ്ങിയവർ ഉണ്ണിത്താനെ അനുഗമിച്ചിരുന്നു. നടക്കാവിലെ നാരായണൻ പൂജാരി,ഇ. വി. റാഫേൽ,കെ. കെ. നായർ തുടങ്ങിയവരുടെ വീടുകളും രാജ്‌മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു